

മലയാള സിനിമാചരിത്രത്തെ 'ലൂസിഫര്‍' എന്ന ഒറ്റ ചിത്രം കൊണ്ട് തിരുത്തിക്കുറിച്ച കോംബോയാണ് മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും. രണ്ടാം ഭാഗമായ 'എമ്പുരാന്‍' തിയറ്ററുകളില്‍ സൃഷ്ടിച്ച തരംഗത്തിനു ശേഷം, ആരാധകര്‍ ഒന്നടങ്കം ചോദിച്ച ചോദ്യമിതായിരുന്നു, ഇനി 'എല്‍ 3' ഉണ്ടാകുമോ? ലൂസിഫര്‍ പ്രപഞ്ചത്തിന്റെ മൂന്നാം അധ്യായമായ 'എല്‍ 3' അസ്രായേല്‍' നൂറു ശതമാനവും സംഭവിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
'ദൃശ്യം 3' റിലീസിന്റെ ആവേശങ്ങള്‍ക്കിടയില്‍, എക്‌സിലൂടെ ആരാധകരുമായി സംവദിക്കവെയാണ് ആന്റണി പെരുമ്പാവൂര്‍ വമ്പന്‍ സര്‍പ്രൈസ് പുറത്തുവിട്ടത്- 'അസ്രായേല്‍ നൂറു ശതമാനവും വരും. ഇത്തരം സിനിമകള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. സിനിമയ്ക്ക് വലിയൊരു ഉണര്‍വും ചലനവുമൊക്കെ നല്‍കുന്നത് ഇത്തരം ബിഗ് ബജറ്റ് ചിത്രങ്ങളാണ്. അതുകൊണ്ട് തന്നെ 'അസ്രായേല്‍' ഞങ്ങള്‍ ചെയ്യും. പക്ഷേ, എമ്പുരാന് ശേഷം ചെറിയൊരു ഗ്യാപ്പ് വേണം. എല്ലാം ഒന്ന് ശാന്തമായിട്ട് മതി അടുത്തത്.'-ആന്റണി പറഞ്ഞു.
തിയേറ്ററുകളില്‍ കോടികള്‍ വാരിക്കൂട്ടിയെങ്കിലും 'എമ്പുരാന്‍' നേരിട്ട ചില രാഷ്ട്രീയ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ ചര്‍ച്ചകളും അടുത്ത ഭാഗത്തെ ബാധിക്കുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ടായിരുന്നു. എന്നാല്‍, ഇത്തരം കല്ലുകടികള്‍ തന്നെ ബാധിക്കില്ലെന്ന് സംവിധായകന്‍ പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ടൊവിനോ ചിത്രമായ 'പള്ളിചട്ടമ്പി'യുടെ പ്രമോഷനിടയിലാണ് പൃഥ്വി ലൂസിഫര്‍ 3-യെക്കുറിച്ച് സംസാരിച്ചത്.
'എമ്പുരാന് ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകാം, അത് അവരുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്. ഞാന്‍ എവിടെപ്പോയാലും ആളുകള്‍ ചോദിക്കുന്നത് ലൂസിഫര്‍ മൂന്നാം ഭാഗത്തെക്കുറിച്ചാണ്. പ്രേക്ഷകര്‍ക്ക് ആ ആവേശമുള്ളിടത്തോളം കാലം എനിക്ക് ഈ സിനിമ ചെയ്യാനുള്ള ഊര്‍ജവുമുണ്ട്.'-പൃഥ്വിരാജ് പറഞ്ഞു.
മുരളി ഗോപിയുടെ മനസില്‍ തുടക്കം മുതലേ ഇതൊരു മൂന്നു ഭാഗങ്ങളുള്ള സിനിമ ആയിട്ടാണ് രൂപപ്പെട്ടത്. 'എമ്പുരാന്റെ' ക്ലൈമാക്‌സില്‍ 'അസ്രായേല്‍' എന്ന ടൈറ്റില്‍ കാണിച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചതുമാണ്. എന്നാല്‍, ചിത്രം യാഥാര്‍ഥ്യമാക്കാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി താരങ്ങളുടെ ഡേറ്റുകളാണ്. എങ്കിലും, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അന്തിമ പോരാട്ടത്തിനായി മലയാള സിനിമ കാത്തിരിക്കുകയാണ്. തിയറ്ററുകളെ പൂരപ്പറമ്പാക്കാന്‍ 'അസ്രായേല്‍' വരുമെന്നുറപ്പായതോടെ സോഷ്യല്‍ മീഡിയയില്‍ ലാലേട്ടന്‍ ഫാന്‍സ് ആഘോഷം തുടങ്ങിക്കഴിഞ്ഞു.