

മലയാള സിനിമയുടെ കിരീടം വെക്കാത്ത രാജാവായ മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രം 'കിരീടം' വെള്ളിത്തിരയിലേക്കു തിരിച്ചെത്തുന്നു. സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന് മലയാളി പ്രേക്ഷകരുടെ നെഞ്ചുപൊള്ളിച്ച സേതുമാധവന്റെ കഥ ഇനി അത്യാധുനിക 4കെ ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനത്തിലും തിയേറ്ററുകളില്‍ ആസ്വദിക്കാം. ജൂലായ് 10ന് ആണ് റിലീസ്.
1989-ല്‍ റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിലെത്തി 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് പുത്തന്‍ സാങ്കേതിക പുനരാവിഷ്‌കാരം. തിലകന്റെ അച്യുതന്‍ നായരും, മോഹന്‍രാജിന്റെ കീരിക്കാടന്‍ ജോസും, കവിയൂര്‍ പൊന്നമ്മയുടെ അമ്മയും, പാര്‍വതിയുടെ ദേവിയുമെല്ലാം പുതിയ തലമുറയ്ക്ക് മുന്നില്‍ ബിഗ് സ്‌ക്രീനില്‍ പുനര്‍ജനിക്കുകയാണ്. ജോണ്‍സണ്‍ മാസ്റ്റര്‍ ഈണം നല്‍കിയ 'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി...' എന്ന നിത്യഹരിത ഗാനവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഡോള്‍ബി അറ്റ്‌മോസിന്റെ കരുത്തില്‍ തിയേറ്ററുകളെ വീണ്ടും വികാരസാന്ദ്രമാക്കും.
സമീപകാലത്തായി 'സ്ഫടികം', 'ദേവദൂതൻ' 'ഛോട്ടാ മുംബൈ' തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ 4 കെ റീ-റിലീസുകള്‍ക്ക് ലഭിച്ച അഭൂതപൂര്‍വമായ ജനപ്രീതിയും തിയേറ്റര്‍ കളക്ഷനുമാണ് ഈ ഉദ്യമത്തിന് പിന്നില്‍. മലയാള സിനിമയിലെ നാഴികക്കല്ല് തിയേറ്ററുകളില്‍ പോയി കാണാന്‍ കഴിയാത്ത പുതിയ തലമുറയിലെ സിനിമാപ്രേമികള്‍ക്കും, പഴയ ഓര്‍മകളിലേക്ക് തിരിച്ചുനടക്കാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്കും വമ്പന്‍ ദൃശ്യവിരുന്നായിരിക്കും റീ റിലീസ് സമ്മാനിക്കുക. എൻ.കൃഷ്ണകുമാറും(കിരീടംഉണ്ണി)ദിനേഷ് പണിക്കറും ചേർന്നാണ് കിരീടം നിർമിച്ചത്. ക്യാമറ-എസ്.കുമാർ,എഡിറ്റിങ്-എൽ.ഭൂമിനാഥൻ.