'അന്നു പറഞ്ഞ വാക്ക് പാലിച്ചു...'; മമ്മൂട്ടിയെ അഭിനന്ദിച്ച് കമല്‍ഹാസനും മോഹന്‍ലാലും

കമൽഹാസനും മോഹൻലാലിനുമൊപ്പം മമ്മൂട്ടി. ഒരു പഴയ ചിത്രം
കമൽഹാസനും മോഹൻലാലിനുമൊപ്പം മമ്മൂട്ടി. ഒരു പഴയ ചിത്രംകടപ്പാട്-വിക്കിമീഡിയ
Published on

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പകര്‍ന്നാട്ടത്തിനു മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിയെ അഭിനന്ദിച്ച് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരങ്ങളായ കമല്‍ഹാസനും മോഹന്‍ലാലും. പുരസ്‌കാര പ്രഖ്യാപനത്തിനുപിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രിയ സുഹൃത്തിന് ആശംസകളുമായി എത്തിയത്.

Must Read
ഭ്രമിപ്പിക്കുന്ന പ്രതിഭ: യുഗങ്ങള്‍ കീഴടക്കുന്ന മഹാപ്രതിഭാസം
കമൽഹാസനും മോഹൻലാലിനുമൊപ്പം മമ്മൂട്ടി. ഒരു പഴയ ചിത്രം

മമ്മൂട്ടിയുടെ വിജയത്തെക്കുറിച്ചുള്ള കമല്‍ഹാസന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായത്. മുമ്പ് മമ്മൂട്ടി തനിക്കു നല്‍കിയ സൗഹൃദപരമായ വാഗ്ദാനത്തെക്കുറിച്ച് കമല്‍ ഓര്‍മിച്ചു: 'എന്റെ പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങളുടെ നാലാമത്തെ ദേശീയ പുരസ്‌കാരനേട്ടത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ദേശീയ പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ എന്നെ മറികടക്കുമെന്ന് നിങ്ങള്‍ ഒരിക്കല്‍ എനിക്കു വാഗ്ദാനം നല്‍കിയിരുന്നു. എപ്പോഴും പറയാറുള്ളതുപോലെ, നിങ്ങള്‍ വാക്ക് പാലിക്കുന്ന വ്യക്തിയാണ്! ഇനിയും ഒരുപാട് പുരസ്‌കാരങ്ങള്‍ നിങ്ങളെ തേടിയെത്തട്ടെ...'

മറുപടിയായി, 'നന്ദി കമല്‍ സാര്‍, നിങ്ങള്‍ വളരെ വിനയാന്വിതനാണ്. നിങ്ങളുടെ വാക്കുകളില്‍ ഏറെ സന്തോഷം തോന്നുന്നു...' എന്ന് മമ്മൂട്ടിയും പ്രതികരിച്ചു. (മികച്ച നടനുള്ള പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ മൂന്ന് അവാര്‍ഡുകളുമായി തുല്യത പാലിച്ചിരുന്ന മമ്മൂട്ടി ഈ നാലാം നേട്ടത്തോടെ കമല്‍ ഹാസനെ മറികടന്നു).

കമൽഹാസനും മോഹൻലാലിനുമൊപ്പം മമ്മൂട്ടി
കമൽഹാസനും മോഹൻലാലിനുമൊപ്പം മമ്മൂട്ടികടപ്പാട്-ഇൻസ്റ്റ​ഗ്രാം

മമ്മൂട്ടിയുടെ ഈ ചരിത്ര നേട്ടം തങ്ങള്‍ക്ക് വലിയ അഭിമാന നിമിഷമാണെന്ന് മോഹന്‍ലാല്‍ കുറിച്ചു: 'ഭ്രമയുഗത്തിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനനേട്ടമാണ്. അര്‍ഹമായ അംഗീകാരവുമാണ്...'

മമ്മൂട്ടിക്ക് പുറമെ മലയാളത്തില്‍നിന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍നിന്നും പുരസ്‌കാരത്തിന് അര്‍ഹരായവരെയും ഇരുവരും അഭിനന്ദിച്ചു. വൈക്കം വിജയലക്ഷ്മി (ഗായിക), ഷഹ്നാദ് ജലാല്‍ (ഛായാഗ്രഹണം), മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ഫെമിനിച്ചി ഫാത്തിമ'യുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദ് എന്നിവരെ മോഹന്‍ലാല്‍ പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ കാര്‍ത്തിക് ആര്യന്‍, യാമി ഗൗതം, ധനുഷ് തുടങ്ങിയവര്‍ക്കും താരം ആശംസകള്‍ നേര്‍ന്നു. താന്‍ അഭിനയിച്ച 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും സംവിധായകന്‍ നാഗ് അശ്വിനെയും കമല്‍ഹാസനും അഭിനന്ദിച്ചു.

മമ്മൂട്ടി
മമ്മൂട്ടിഫോട്ടോ-അറേഞ്ച്ഡ്

1989-ല്‍ 'മതിലുകള്‍', 'ഒരു വടക്കന്‍ വീരഗാഥ' എന്നീ ചിത്രങ്ങളിലൂടെ ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മമ്മൂട്ടി, പിന്നീട് 1993-ല്‍ 'വിധേയന്‍', 'പൊന്തന്‍മാട' എന്നീ ചിത്രങ്ങളിലൂടെയും 1998-ല്‍ 'ഡോ. ബാബാസാഹേബ് അംബേദ്കര്‍' എന്ന ചിത്രത്തിലൂടെയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ 'ഭ്രമയുഗ'ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള അവാര്‍ഡ് നേടി അദ്ദേഹം തന്റെ ജൈത്രയാത്ര തുടരുകയാണ്.

Pappappa
pappappa.com