

മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയമുഹൂര്‍ത്തങ്ങളെ വാക്കുകളിലേക്കു പകര്‍ത്തിവയ്ക്കുക അസാധ്യമാണ്. ആഭ്രപാളികളില്‍ നടനവിസ്മയം തീര്‍ത്ത എത്രയെത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഇന്ത്യന്‍ വെള്ളിത്തിര സാക്ഷിയാണ്. ഇപ്പോള്‍, ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ അത്യുന്നതപീഠത്തിലേക്ക് മമ്മൂട്ടി എന്ന നാമം ഒരിക്കല്‍ക്കൂടി സഗൗരവം ചേര്‍ത്തുവെക്കപ്പെടുമ്പോള്‍, അതു മലയാളലോകത്തിനു ലഭിക്കുന്ന വലിയ അംഗീകാരം കൂടിയായി.
അഭിനയപുരുഷന്‍ നാലാം വട്ടവും ദേശീയപുരസ്‌കാരം കൈപ്പിടിയിലൊതുക്കുമ്പോള്‍ അത് കേവലമൊരു അവാര്‍ഡ് പ്രഖ്യാപനത്തിനപ്പുറം, സമാനതകളില്ലാത്ത അഭിനയസപര്യയ്ക്കുള്ള ആദരവായി മാറുന്നു. കാലം ഏല്‍പ്പിക്കുന്ന വാര്‍ധക്യത്തിന്റെ അടയാളങ്ങളെ സര്‍ഗാത്മകതയുടെ കരുത്തുകൊണ്ട് മായ്ച്ചുകളയുന്ന മമ്മൂട്ടി എന്ന മഹാപ്രതിഭ, 'ഭ്രമയുഗം' എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയുടെ ചരിത്രതാളുകളില്‍ പുതിയൊരു അധ്യായം കൂടിയാണ് രചിച്ചിരിക്കുന്നത്.
വൈക്കം പട്ടണത്തിലെ ചെമ്പ് എന്ന ഗ്രാമപ്രദേശത്തുനിന്ന് സിനിമയുടെ മാസ്മരിക ലോകത്തേക്കു ചുവടുവയ്ക്കുമ്പോള്‍ മുഹമ്മദുകുട്ടി എന്ന ചെറുപ്പക്കാരന്റെ ഉള്ളില്‍ അഭിനയം എന്ന ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. തുടക്കകാലത്തെ ചെറിയ വേഷങ്ങളില്‍നിന്ന്, കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് അദ്ദേഹം മലയാള സിനിമയുടെ കേന്ദ്രബിന്ദുവായി സ്വയം രൂപാന്തരപ്പെട്ടു. കെ.ജി. ജോര്‍ജ്, പത്മരാജന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, ഐ.വി. ശശി, ടി.വി. ചന്ദ്രന്‍ തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങളിലൂടെ പരുക്കന്‍ ഭാവങ്ങളും തനിമയാര്‍ന്ന ശബ്ദശൈലിയും സമന്വയിപ്പിച്ച് അദ്ദേഹം മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ അനിഷേധ്യമായ സ്ഥാനം ഉറപ്പിച്ചു.
നാലുപതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ അദ്ദേഹത്തെ തേടിയെത്തിയ നാല് ദേശീയ പുരസ്‌കാരങ്ങളും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കുള്ള അംഗീകാരങ്ങളായിരുന്നു. 1989-ല്‍ ബഷീറിന്റെ പ്രണയാതുരമായ ഏകാന്തതയും ചന്തുവിന്റെ ആന്തരിക സംഘര്‍ഷങ്ങളും അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ പുരസ്‌കാരയാത്ര, പിന്നീട് പൊന്തന്‍മാടയിലെയും വിധേയനിലെയും വിരുദ്ധ ധ്രുവങ്ങളിലുള്ള വേഷപ്പകര്‍ച്ചകളിലൂടെയും, ഡോ. അംബേദ്കറുടെ ചരിത്രപരമായ പൂര്‍ണതയിലൂടെയും കടന്നുപോയി. ഇപ്പോള്‍ 2026-ല്‍, ഒടുവിലത്തെ നേട്ടത്തിലെത്തുമ്പോള്‍ അത് മമ്മൂട്ടി എന്ന നടന്റെ പരീക്ഷണാത്മകതയ്ക്കുള്ള അനശ്വര മുദ്രയായി മാറുന്നു.
പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാന്‍വാസില്‍ ഒരുങ്ങിയ രാഹുല്‍ സദാശിവന്റെ 'ഭ്രമയുഗം' മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും ധീരമായ തീരുമാനങ്ങളിലൊന്നായിരുന്നു. സൂപ്പര്‍താര പദവിയുടെ പ്രഭാവങ്ങളെല്ലാം അഴിച്ചുവെച്ച്, തിന്മയുടെയും അധികാരത്തിന്റെയും പ്രതീകമായ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമായി അദ്ദേഹം പകര്‍ന്നാടിയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് ഭയത്തിന്റെ വിറയാര്‍ന്ന നിമിഷങ്ങളായിരുന്നു. നെഗറ്റീവ് ഷേഡുള്ള വേഷങ്ങളെപ്പോലും ക്ലാസിക് തലത്തിലേക്ക് ഉയര്‍ത്താന്‍ തനിക്കുള്ള സവിശേഷമായ ശേഷിയാണ് ഈ ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ചത്.
സാഹിത്യത്തോടുള്ള ആഴത്തിലുള്ള ആഭിമുഖ്യവും നിരന്തരമായ വായനയുമാണ് മമ്മൂട്ടിയെ മറ്റ് നടന്മാരില്‍നിന്നു വ്യത്യസ്തനാക്കുന്നത്. പുതിയ തലമുറയുടെ ചിന്തകളെയും സിനിമാറ്റിക് കാഴ്ചപ്പാടുകളെയും കൃത്യമായി ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് സ്വയം നവീകരിക്കാനും അദ്ദേഹം കാണിക്കുന്ന കൗതുകം അത്ഭുതപ്പെടുത്തുന്നതാണ്. വരുംതലമുറയിലെ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു വിജ്ഞാനകോശമായി നിലകൊള്ളുന്ന മെഗാസ്റ്റാര്‍, വരിഞ്ഞുമുറുക്കുന്ന ഭാവപ്പകര്‍ച്ചകളിലൂടെ ഇന്ത്യന്‍ സിനിമയുടെ സിംഹാസനത്തില്‍ ഇന്നും അചഞ്ചലനായി തുടരുന്നു.