

ദേശീയ ചലച്ചിത്ര അവാർഡിന്റെ മാതൃകയിൽ ഈ വർഷം ഇന്ത്യയിലാദ്യമായി ചലച്ചിത്രപുരസ്കാരങ്ങൾക്ക് അരങ്ങൊരുങ്ങുന്നു-കല്യാൺ ജൂവലേഴ്സ്-ഐഎൻസിഎ അവാർഡ്സ്. ഇന്ത്യൻ സിനിമയിലെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ സിനി അക്കാദമി(ഐഎൻസിഎ) അവാർഡ് വിതരണം ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിലാണ് നടക്കുക. കല്യാൺ ജൂവലേഴ്സാണ് പ്രായോജകർ.
രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് ഐഎൻസിഎയുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ദേശീയ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ വിഭാഗങ്ങളിലും അവാർഡുകൾ ഉണ്ടായിരിക്കും.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎൽ), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് ഐഎൻസിഎ മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയാണ് ഈ പരിപാടിയുടെ ചീഫ് പാട്രൺ ആയി പ്രവർത്തിക്കുന്നത്.
2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകൾക്ക് അവാർഡുകൾക്കായി എൻട്രി സമർപ്പിക്കാം. അവസാന തീയതി മാർച്ച് 1. എൻട്രികൾ www.INCA.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ദേശീയ ഐക്യവും സമഗ്ര അംഗീകാരവും മുൻനിർത്തിയുള്ള പുതിയ തുടക്കമായി കല്യാൺ ജൂവലേഴ്സ്-ഐഎൻസിഎ അവാർഡ്സ് മാറുമെന്ന് സംഘാടകർ അറിയിച്ചു.