
അമിതാഭ് ബച്ചന്‍ ഇന്ന് ഞങ്ങള്‍ക്ക് വെറുമൊരു പരസ്യനായകനല്ല. കല്യാണ്‍ കുടുംബത്തിലെ കാരണവര്‍ തന്നെയായിക്കഴിഞ്ഞു,അദ്ദേഹം. പ്രൊഫഷണലായി തുടങ്ങി വ്യക്തിപരമായി മാറിയ ബന്ധമാണത്. ബച്ചന്‍ സാര്‍ അധികം പേരുമായി അടുപ്പം സൂക്ഷിക്കാറില്ല. അദ്ദേഹത്തിന്റെ സൗഹൃദവലയം തീരെചെറുതാണ്. അതില്‍ ഉള്‍പ്പെടാനായി എന്നത് ഞങ്ങളുടെ വലിയ ഭാഗ്യം.
ഈ പത്തുവര്‍ഷത്തിനിടെ അദ്ദേഹം പലവട്ടം തൃശ്ശൂരില്‍ ഞങ്ങളുടെ വീട്ടില്‍വന്നു. ആദ്യമൊക്കെ അതിഥിയായിരുന്നു. അതുതന്നെ അപൂര്‍വസംഭവമാണ്. ഒരു കുടുംബത്തിന്റെ സ്വകാര്യതകളില്‍ ബച്ചന്‍ സാറിന്റെ സാന്നിധ്യമുണ്ടാകുകയെന്നത് അത്ര പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. വ്യക്തിപരമായി അത്രയും അടുപ്പമുള്ള ഇടങ്ങളില്‍ മാത്രമാണ് അദ്ദേഹം എത്തുക.
ഇപ്പോള്‍ ബച്ചന്‍സാര്‍ ഞങ്ങളുടെ അതിഥിയല്ല. ഞങ്ങളുടെ കാരണവര്‍ വീട്ടിലെത്തുന്ന അതേ അനുഭവമാണുള്ളത്. അദ്ദേഹത്തിന് കൃത്യനിഷ്ഠകളുണ്ട്. അത് കടുകിട തെറ്റാറില്ല. ദിവസം തുടങ്ങുന്നത് പൂജാമുറിയില്‍നിന്നാണ്. അതിനുശേഷം ഞങ്ങളിലൊരാളെപ്പോലെ ഭക്ഷണമുറിയിലേക്ക് വരും. പ്രാതല്‍ കഴിക്കും. അതല്ലാതെ ഹോട്ടലില്‍ പെരുമാറുന്നപോലെയല്ല രീതികള്‍. ഉദ്ഘാടനത്തിനൊക്കെ വരുമ്പോഴത്തെയാളേയല്ല വീട്ടിലെത്തുമ്പോള്‍. അപ്പോള്‍ തനി വീട്ടുകാരന്‍. ഞങ്ങളിലൊരാള്‍.
എന്തിലും സ്വയംനിയന്ത്രിതനാണ് ബച്ചന്‍ സാര്‍. അതേപോലെ എന്തിലും അച്ചടക്കമുള്ളയാളും. സ്വയം ചിട്ടപ്പെടുത്തിയ ആഹാരക്രമമാണ് അദ്ദേഹത്തിനുള്ളത്. അതിനപ്പുറം എന്ത് കൊടുത്താലും കഴിക്കില്ല. സ്വര്‍ണംകൊണ്ട് പുളിശേരി വച്ചുകൊടുക്കുക എന്ന നാടന്‍ പ്രയോഗമില്ലേ? അങ്ങനെ ലോകത്തെ ഏറ്റവുംവിലയേറിയതോ സ്വാദേറിയതോ ആയ ഭക്ഷണം മുന്നില്‍വച്ച് കൊടുത്താല്‍പ്പോലും അദ്ദേഹം തൊട്ടുനോക്കില്ല. പകരം തന്റെ മെനുവിലുള്ളത് മാത്രം കഴിക്കും. ഒരു പ്രലോഭനത്തിനും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ കീഴടക്കാനാകില്ല. താന്‍ തീരുമാനിച്ചതേ അദ്ദേഹം പാലിക്കൂ. അത് എന്തുകാര്യത്തിലായാലും.
ഈ പ്രായത്തിലും തന്റെ തൊഴിലില്‍ ഇത്രമേല്‍ ആത്മാര്‍ഥത പുലര്‍ത്തുന്ന മറ്റൊരാളില്ല. അതിന് എത്രയോ വട്ടം സാക്ഷികളായവരാണ് ഞങ്ങള്‍. ഒരുവട്ടം നവരാത്രിക്ക് അദ്ദേഹം വീട്ടില്‍ വന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോള്‍ പത്തുമണിയായി. അതിനുശേഷം അദ്ദേഹം ബെഡ് റൂമില്‍ വിശ്രമിക്കുകയാണ്. അരികില്‍ ഞാനും മക്കളുമുണ്ട്. ബച്ചന്‍ സാര്‍ രാത്രി വളരെ വൈകിയാണ് ഉറങ്ങാറ്. ഒരുമണി രണ്ടുമണിയൊക്കെയാകും കിടക്കുമ്പോള്‍. അതുകൊണ്ട് വീട്ടിലെത്തിയാല്‍ ആ നേരം വരെ ഞങ്ങള്‍ സംസാരിച്ചിരിക്കുകയാണ് പതിവ്.
അന്നും പതിവുപോലെ ഞങ്ങള്‍ കുറേനേരം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞു സമയം ചെലവിട്ടു. അപ്പോഴേക്കും രാത്രി ഏതാണ്ട് പന്ത്രണ്ടിനോട് അടുത്തു. അപ്പോഴാണ് ബച്ചന്‍സാര്‍ പറഞ്ഞത്:'ഞാന്‍ എന്റെ പുതിയ സിനിമയുടെ കുറച്ചു റഷസ് കാണിക്കാം...നമുക്കെല്ലാവര്‍ക്കും കൂടി കാണാം. വീട്ടിലുള്ള എല്ലാവരെയും വിളിക്കൂ...'
ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുമ്പോഴോ,മത്സരങ്ങളില്‍ സമ്മാനം കിട്ടുമ്പോഴോ കുട്ടികളുടെ മുഖത്ത് കാണുന്ന ആവേശവും ആഹ്ലാദവുമില്ലേ..അതായിരുന്നു അദ്ദേഹത്തില്‍ കാണാനായത്. കുട്ടികള്‍ മറ്റുള്ളവരുടെ സമയവും സൗകര്യവും നോക്കിയല്ലല്ലോ സന്തോഷപ്രകടനം നടത്തുന്നത്!
ഹോംതീയറ്ററിലേക്ക് ആദ്യം പോയതും ബച്ചന്‍സാര്‍തന്നെ. വീട്ടിലുള്ള എല്ലാവരും എത്തുന്നതുവരെ അദ്ദേഹം കാത്തിരുന്നു. അതിനുശേഷം ഞങ്ങള്‍ക്കായുള്ള 'പ്രത്യേക പ്രദര്‍ശനം'തുടങ്ങി. ശബ്ദം നന്നായി കൂട്ടിവയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ സീനും കഴിയുമ്പോള്‍ 'പോസ്'(Pause) ചെയ്ത് വയ്ക്കാന്‍ പറഞ്ഞു. പിന്നെ ആ സീനിനെക്കുറിച്ചുള്ള വിശദീകരണങ്ങളായിരുന്നു. അത് ചിത്രീകരിച്ചപ്പോഴുണ്ടായ തമാശകള്‍,പ്രതിസന്ധികള്‍,അതിന്റെ തുടര്‍രംഗങ്ങളുടെ ആമുഖം..അങ്ങനെ ഓരോ പൊട്ടുംപൊടിയും ഞങ്ങളുടെ മുമ്പാകെ പറഞ്ഞുകൊണ്ടേയിരുന്നു. ചിലപ്പോള്‍ റീവൈന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. പറയാന്‍ വിട്ടുപോയ ചിലത് ഓര്‍ത്തെടുക്കാനായിരുന്നു അത്. അതാകട്ടെ അത്രയും സൂക്ഷ്മമായ ചില അംശങ്ങള്‍.
ആ നേരമത്രയും അദ്ദേഹത്തിന്റെ മുഖത്ത് വീട്ടുകാരെ പ്രോഗ്രസ് കാര്‍ഡിലെ മാര്‍ക്ക് കാണിക്കുന്ന കുട്ടിയുടെ മുഖത്തെ പ്രകാശമായിരുന്നു. രമേഷ് ചോദിച്ചു:'സാര്‍ ഇത് എത്രാമത്തെ തവണയാണ് കാണുന്നത്..?'
അദ്ദേഹം പറഞ്ഞു:'ഓര്‍മയില്ല..'
കാരണം അതിനകം അത്രയധികം പ്രാവശ്യം അദ്ദേഹം അത് കണ്ടുകഴിഞ്ഞിരുന്നു. പിന്നെ പറഞ്ഞവാക്കുകള്‍ സിനിമയിലെ പുതുതലമുറ കേട്ടുപഠിക്കേണ്ടതാണ്.
'ഓരോ തവണയും കാണുമ്പോള്‍ എനിക്ക് എന്തെങ്കിലുമൊക്കെ പുതുതായി കിട്ടും. അത് അടുത്തതവണ കൂടുതല്‍ മെച്ചപ്പെടാന്‍ എന്നെ സഹായിക്കും...'
എത്രയോ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും സ്‌ക്രീനില്‍ കാലങ്ങളോളം അതിശക്തമായി രേഖപ്പെടുത്തി,ഇന്ത്യന്‍ പൗരുഷത്തിന്റെ പ്രതീകമായി മാറിയ ഒരു അഭിനേതാവിന്റെ വാക്കുകളാണിത്. ഏഴുപതിറ്റാണ്ടുകള്‍ ജീവിതത്തില്‍ കണ്ട ഒരാള്‍ക്ക് സ്വന്തം തൊഴിലിനോട് ഇന്നുമുള്ള അഭിനിവേശത്തിന്റെ അടയാളം. 'ഞാന്‍ ഇപ്പോഴും അഭിനയം പഠിക്കുകയാണ്'എന്നാണ് അദ്ദേഹം പറയുന്നത്.
'പാഷന്‍'എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന ഈ വികാരമാണ് അമിതാഭ് ബച്ചനെ ഇന്നും അമിതാഭ് ബച്ചനായി നിലനിര്‍ത്തുന്നത്. അദ്ദേഹത്തിന്റെ പേരിലെ 'ബി' എന്ന അക്ഷരം വളര്‍ന്നു വലുതായതും അങ്ങനെ തന്നെ. ഈ 'പാഷന്‍' അദ്ദേഹം കല്യാണ്‍ എന്ന ബ്രാന്‍ഡിനോടും കാണിക്കുന്നു. അദ്ദേഹത്തിന് പരസ്യങ്ങളില്‍ അഭിനയിച്ചിട്ട് പോയാല്‍ മാത്രം മതി. മറ്റൊന്നും തിരക്കേണ്ട കാര്യമില്ല. പക്ഷേ ബച്ചന്‍സാര്‍ ഇപ്പോഴും ഓരോ പരസ്യത്തിന്റെയും പ്രതികരണം ആരായുന്നു,അതുകൊണ്ട് ബ്രാന്‍ഡിന് ഗുണമോ ദോഷമോ ഉണ്ടായതെന്ന് അന്വേഷിക്കുന്നു,ഗുണമെങ്കില്‍ കച്ചവടം എത്രത്തോളം കൂടി എന്നതിന്റെ വിശദാംശങ്ങള്‍ തിരക്കുന്നു,ദോഷമെങ്കില്‍ എന്തുകൊണ്ട് എന്ന് പഠിക്കാന്‍ ശ്രമിക്കുന്നു.
ലോക്ഡൗണിന്റെ നാളുകളിലൊന്നില്‍ ഒരുരാത്രിയിലാണ് ബച്ചന്‍സാറിന് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞത്. അപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തിന്റെ മകള്‍ ശ്വേതയെ വിളിച്ചു. പേടിക്കാനൊന്നുമില്ല,ചെറിയ ലക്ഷണങ്ങളേയുള്ളൂ എന്ന് ശ്വേത പറഞ്ഞു. പ്രത്യേകപരിചരണം കിട്ടുന്നതിന് വേണ്ടിമാത്രമാണ് ആശുപത്രിയിലാക്കിയതെന്നും വിശദീകരിച്ചു. അപ്പോള്‍ മുതല്‍ ഞാനും കുടുംബവും അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങി. അടുത്തദിവസം അഭിഷേക് ബച്ചനും കോവിഡ് എന്ന വാര്‍ത്തയറിഞ്ഞു. ഞങ്ങള്‍ ഐശ്വര്യയെ വിളിച്ചു. അവര്‍ സധൈര്യം സംസാരിച്ചു. പിന്നീട് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും അസുഖമായി. ബച്ചന്‍ കുടുംബം ആശുപത്രിയില്‍ നിന്നിറങ്ങുന്നതുവരെ ഞാനും രാജേഷും രമേഷുമെല്ലാം ദിവസവും വിളിച്ച് വിവരങ്ങള്‍ തിരക്കുമായിരുന്നു. അടുത്ത ബന്ധുക്കള്‍ക്ക് അസുഖം വന്നപോലെയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. എല്ലാദിവസവും ശ്രീരാമസ്വാമിക്ക് മുന്നില്‍ ഞങ്ങളുടെ പ്രാര്‍ഥന അവരുടെ ആയുരാരോഗ്യത്തിന് വേണ്ടിയായിരുന്നു. ശ്രീരാമന്റെ അനുഗ്രഹം ബച്ചന്‍സാറിനും കുടുംബത്തിനും മേല്‍ എന്നുമുണ്ടാകും എന്ന് ഉറപ്പുണ്ടായിരുന്നു. കാരണം അത്രയും നല്ല മനസാണ് അദ്ദേഹത്തിന്റേത്.
2016-ല്‍ പൂങ്കുന്നം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയിരുന്നു ബച്ചന്‍ സാര്‍. അതായിരുന്നു കേരളത്തിലെ അദ്ദേഹത്തിന്റെ ആദ്യ സ്വകാര്യ സന്ദര്‍ശനം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ കൗതുകം കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു: ' സര്‍,എന്താണ് പ്രാര്‍ഥിച്ചത്? അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'എല്ലാവരുടെയും ശാന്തിക്കും സമാധാനത്തിനും വേണ്ടി...'
ഇതാണ് അമിതാഭ് ബച്ചന്‍. കേരളത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന, 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് പ്രാര്‍ഥിക്കുന്ന,പ്രശസ്തിയുടെ പരകോടിയില്‍നില്കുമ്പോഴും ഉള്ളുകൊണ്ട് സാധാരണക്കാരനായ ഒരാള്‍. അദ്ദേഹം ഒപ്പം വന്നതോടെ അനുഗ്രഹിക്കപ്പെട്ടത് കല്യാണാണ്. ബച്ചന്‍സാര്‍ ഊര്‍ജത്തിന്റെ വലിയൊരു മഹാമേരുവാണ്. ഞങ്ങളും ആ ഊര്‍ജത്തിന്റെ പങ്കുപറ്റുന്നു. സ്വയം പ്രകാശിക്കുകയും ആ വെളിച്ചത്താല്‍ മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന അതുല്യപ്രതിഭയ്ക്ക് മുമ്പില്‍ കൈകൂപ്പുന്നു. നന്ദി...എന്നുപറയുന്നില്ല. അങ്ങയ്ക്ക് മുമ്പില്‍ ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുന്നു..