

മലയാള സിനിമയിലെ വയലന്‍സിന്റെ അതിര്‍വരമ്പുകള്‍ മാറ്റിമറിച്ച 'മാര്‍ക്കോ'യ്ക്കുശേഷം തിയേറ്ററുകളെ വിറപ്പിക്കാന്‍ മറ്റൊരു ചോരക്കളിക്കു കളമൊരുങ്ങുകയാണ്. ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലര്‍ 'കാട്ടാളന്‍' മേയ് 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചോര ചിതറുന്ന ആക്ഷന്‍ രംഗങ്ങള്‍ സമൃദ്ധമായുള്ള ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.
'എ ഫോര്‍ ആക്ഷന്‍' എന്ന തീപ്പൊരി ടാഗ് ലൈനോടെയുള്ള റിലീസ് പോസ്റ്റര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം, പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐഎംഡിബി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇടംപിടിച്ചിരിക്കുന്നത്.
ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് 'കാട്ടാളന്‍' ഒരുങ്ങുന്നത്. പ്രതികാരത്തിന്റെയും അതിജീവനത്തിന്റെയും വന്യമായ മുഖം ദൃശ്യവത്കരിക്കുന്ന ചിത്രം മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ വിരുന്നായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കെജിഎഫ് 1, കെജിഎഫ് 2, സലാർ, മാർക്കോ എന്നീ ചിത്രങ്ങളിലൂടെ തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്‌ടിക്കുന്ന ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കിയ രവി ബസ്‌റൂർ ആണ് സംഗീതം.
ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, കിൽ എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, തുടങ്ങിയവരും മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.
ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.