'എനിക്കെതിരെ പ്രമുഖനടനും ഭാര്യയും പെയ്ഡ്പിആര്‍ നടത്തുന്നു': ഗുരുതര ആരോപണവുമായി ജോജു

ജോജു ജോർജ്
ജോജു ജോർജ്അറേഞ്ച്ഡ്
Published on

മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ ആസൂത്രിതമായി നെഗറ്റീവ് പിആര്‍ വര്‍ക്കുകള്‍ നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് താരം സിനിമാ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. പക്ഷേ ഈ വീ‍ഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു.

ഇവര്‍ക്ക് പുറമേ ഇന്‍ഡസ്ട്രിയിലെ പ്രമുഖരായ പല താരങ്ങളും ഇത്തരം പെയ്ഡ് പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് നെഗറ്റീവ് ക്യാമ്പെയ്നുകള്‍ നടത്തുന്നുണ്ടെന്നും ജോജു ആരോപിച്ചു. എന്നാല്‍ ആരോപണവിധേയരായ താരദമ്പതികള്‍ ആരാണെന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.

Must Read
പ്രേക്ഷകഹൃദയത്തിലേക്ക് 'ഇടിച്ചു'കയറി ജോജു;വരവറിയിച്ച് 'വരവ്' ട്രെയിലർ
ജോജു ജോർജ്

തന്റെ പുതിയ ചിത്രമായ 'വരവ്' തിയേറ്ററുകളില്‍ എത്തിയതിനു പിന്നാലെ ചിത്രത്തിനെതിരെ വ്യാപകമായ രീതിയില്‍ ആസൂത്രിത നെഗറ്റീവ് ക്യാമ്പെയ്നുകള്‍ നടക്കുന്നുണ്ടെന്ന് ജോജു പറഞ്ഞു. ബിഗ് ബജറ്റില്‍ 98 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങളെന്നാണ് നടന്റെ പക്ഷം.

'വരവി'നെതിരേ ആസൂത്രിത നീക്കം നടക്കുന്നതായി നേരത്തെ തന്നെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരോപണമുയർത്തിയിരുന്നു. കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നിമിഷങ്ങളുള്ള ആക്ഷൻ സിനിമയെ തീർത്തും മോശമെന്ന് വരുത്തിത്തീർക്കാൻ റിലീസ് ദിനം തന്നെ ശ്രമം തുടങ്ങിയതായാണ് ഇവർ പറയുന്നത്. അതിനെ ശരിവയ്ക്കുന്നതാണ് ജോജുവിന്റെ വെളിപ്പെടുത്തൽ.

'വരവ്' പോസ്റ്റർ
'വരവ്' പോസ്റ്റർഅറേഞ്ച്ഡ്

ഷാജി കൈലാസ് സംവിധാനം ചെയ്ത 'വരവ്' ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. കേവലം ഒരു ആക്ഷന്‍ ത്രില്ലര്‍ എന്നതിലുപരി മികച്ചൊരു ഫാമിലി ഡ്രാമ കൂടിയാണ് ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

എ.കെ. സാജനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നൈസി റെജി (ഓള്‍ഗ പ്രൊഡക്ഷന്‍സ്)യാണ് നിര്‍മാണം. ജോമി ജോസഫ് പുളിങ്കുന്ന്, രാഹുല്‍ റെജി എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

Pappappa
pappappa.com