

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' ബോക്സ് ഓഫീസ് റിക്കാർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞ് ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകൾക്കുള്ളിൽ 100 കോടി ക്ലബ്ബിലിടം നേടിയ ചിത്രം, വെറും ഏഴു ദിവസങ്ങൾ കൊണ്ട് 200 കോടി രൂപയുടെ വമ്പൻ കളക്ഷനാണ് സ്വന്തമാക്കിയത്. എന്നാൽ സിനിമയുടെ ഗംഭീര വിജയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് ചിത്രത്തിന്റെ ക്ലൈമാക്സിന് ശേഷമുള്ള പോസ്റ്റ് ക്രെഡിറ്റ് സീൻ ആണ്.
ഇത് 'ദൃശ്യം 4'-ലേക്കുള്ള വ്യക്തമായ സൂചനയാണെന്ന രീതിയിൽ ആരാധകർക്കിടയിൽ പ്രചാരണങ്ങൾ ശക്തമാകുന്നതിനിടെ, ഈ രംഗത്തിനു പിന്നിലെ യഥാർഥ വസ്തുത വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ആ പോസ്റ്റ് ക്രെഡിറ്റ് രംഗം നാലാം ഭാഗത്തിനുള്ള ഒരു ലീഡ് അല്ലെന്ന് ജീത്തു ജോസഫ് വ്യക്തമാക്കുന്നു. കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടിയാണ് ആ സീൻ ഉൾപ്പെടുത്തിയത്.
'ഒരാൾ ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ, റിസൾട്ട് പ്രതീക്ഷിക്കുമല്ലോ. ആശാ ശരത്തിന്റെയും സിദ്ദിഖിന്റെയും കഥാപാത്രങ്ങൾ, ഒരു പരിധിവരെ വിജയിക്കുന്നുണ്ട്. അവർ അതിൽ വിജയിച്ചോ എന്ന് പ്രേക്ഷകർക്ക് മനസിലാക്കാൻ വേണ്ടിയാണ് ആ സീൻ ചേർത്തത്. യഥാർഥത്തിൽ അത് സിനിമയ്ക്കുള്ളിൽ തന്നെ വരേണ്ട ഭാഗമായിരുന്നു.'- ജീത്തു ജോസഫ് പറഞ്ഞു.
യഥാർഥത്തിൽ സിനിമയുടെ കഥാസന്ദർഭത്തിന്റെ ഭാഗമാകേണ്ടിയിരുന്ന ആ രംഗം പോസ്റ്റ് ക്രെഡിറ്റ് സീനായി മാറിയതിനു പിന്നിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരാണെന്ന് സംവിധായകൻ പറയുന്നു. നാലാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ, ആ സീൻ സംവിധായകന്റെ പേര് എഴുതിക്കാണിച്ചതിന് ശേഷം ഇടാമെന്നും, അത് പ്രേക്ഷകർക്ക് വേറൊരു ഫീൽ നൽകുമെന്നും ടീമിലെ യുവാക്കളാണ് നിർദേശിച്ചത്. അങ്ങനെയാണ് അത് പോസ്റ്റ് ക്രെഡിറ്റ് സീനാക്കി മാറ്റിയതെന്നും, അതാണ് ഇപ്പോൾ 'ദൃശ്യം 4' ഉണ്ടാകും എന്ന രീതിയിലുള്ള ചർച്ചകൾക്ക് വഴിതെളിച്ചതെന്നും ജീത്തു കൂട്ടിച്ചേർത്തു.
'ദൃശ്യം 4' ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ യാതൊരു ഉറപ്പും തരാൻ സാധിക്കില്ലെന്നാണ് സംവിധായകൻ വ്യക്തമാക്കിയത്. നിലവിൽ അതിനുള്ള ഐഡിയകളൊന്നും തന്റെ പക്കലില്ല. എന്നാൽ അതിനർഥം താൻ ശ്രമിക്കില്ല എന്നല്ലെന്നും, ഭാവിയിൽ എക്സ്ട്രാ ഓർഡിനറി ഐഡിയ ലഭിക്കുകയാണെങ്കിൽ തീർച്ചയായും നാലാം ഭാഗത്തിനായി ശ്രമിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.