
മമ്മൂട്ടിയെ കൊതിപ്പിക്കുന്ന കഥയ്ക്കായി താൻ കാത്തിരിക്കുന്നുവെന്ന് സംവിധായകൻ ജീത്തു ജോസഫ്. ദുബായിയിൽ തന്റെ പുതിയ ചിത്രമായ 'മിറാഷി'ന്റെ പ്രമോഷണൽ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജീത്തു ജോസഫ്. നേരത്തെയും മമ്മൂട്ടിയോട് ചില കഥകൾ പറഞ്ഞിരുന്നു. പക്ഷേ, ഒന്നിച്ചു സിനിമ ചെയ്യാൻ സാധിച്ചില്ല. 'ദൃശ്യ'ത്തിന്റെ കഥ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അക്കാലത്ത് ധാരാളം അച്ഛൻ കഥാപാത്രങ്ങൾ ചെയ്തതിനാൽ രണ്ടുമൂന്നു വർഷം കഴിഞ്ഞു നോക്കാമെന്നാണ് പറഞ്ഞതെന്നും ജീത്തു വെളിപ്പെടുത്തി.
'മെമ്മറീസ്', ചില മാറ്റങ്ങളോടെ പിന്നീട് ഹിന്ദിയിൽ ചെയ്ത 'ദി ബോഡി' തുടങ്ങിയവയുടെ കഥയും മെഗാസ്റ്റാറിനോടു പറഞ്ഞിരുന്നു. എന്നാൽ ഡേറ്റ് പ്രശ്നങ്ങളെത്തുടർന്ന് ആ പ്രോജക്ടുകളോട് സഹകരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും ജീത്തു പറഞ്ഞു. 'എന്നോടു വലിയ വാത്സല്യമുണ്ട്. എപ്പോൾ കണ്ടാലും പുതിയ സിനിമയെക്കുറിച്ച് അന്വേഷിക്കും. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായുള്ള ശ്രമം നടക്കുന്നു.'-ജീത്തു ജോസഫ് പറഞ്ഞു.
സിനിമയിലെ കോടികളുടെ മത്സരക്കണക്കിൽ താത്പര്യമില്ലെന്നും ജീത്തു വ്യക്തമാക്കി. എന്നാൽ, നൂറു കോടിയൊക്ക തന്റെ സിനിമ കളക്ട് ചെയ്താൽ സന്തോഷമുണ്ട്. ബോളിവുഡിൽ മാത്രം കേട്ടിരുന്ന കളക്ഷൻ റെക്കോർഡുകളാണ് കോടികൾ. ദൃശ്യം അമ്പതു കോടിയിലെത്തിയപ്പോൾ താൻ പേടിച്ചുപോയെന്നും സംവിധായകൻ പറഞ്ഞു. തിയറ്ററുകളിൽ കോടികൾ വാരുന്ന ചിത്രങ്ങൾ ഒടിടിയിൽ ചിലപ്പോൾ വലിയ സ്വീകാര്യത ലഭിക്കാതെ പോകാറുണ്ടെന്നും ജീത്തു പറഞ്ഞു.
ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'മിറാഷ്' സെപ്റ്റംബര് 19ന് തിയേറ്ററുകളിലെത്തും. സസ്പെൻസ് ത്രില്ലർ സിനിമയെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഇ ഫോർ എക്സ്പിരിമെന്റ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ.മേത്ത, ജതിൻ എം.സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് 'മിറാഷി'ന്റെ നിർമാണം. 'കിഷ്കിന്ധാകാണ്ഡം' എന്ന സൂപ്പർ ഹിറ്റിനു ശേഷം ആസിഫ്-അപർണ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. ഹക്കിം ഷാജഹാൻ, ഹന്നാ റെജി കോശി തുടങ്ങിയവരാണ് മിറാഷിലെ മറ്റു താരങ്ങൾ. ക്യാമറ- സതീഷ് കുറുപ്പ്, കഥ- അപർണ ആർ.തറക്കാട്, തിരക്കഥ,സംഭാഷണം ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റിങ്- വി.എസ്. വിനായക്, സംഗീതം- വിഷ്ണു ശ്യാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കത്രീന ജീത്തു.