

മലയാള സിനിമയിലെ ഫാന്റസി ചിത്രങ്ങളുടെ മുൻനിരയിലേക്ക് നടൻ ജയസൂര്യ വീണ്ടും എത്തുന്നു. 'കളങ്കാവൽ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായൻ - ചാപ്റ്റർ 1' എന്ന സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണു ചിത്രം നിർമിക്കുന്നത്.
അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി സച്ചിയും സഹോദരി സജിതയും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തത്. സിനിമയിലെ പ്രമുഖരും അണിയറ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
ഓർഡിനറി, അനാർക്കലി തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമാണിത്. പ്രശസ്ത തിരക്കഥാകൃത്ത് റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ജയസൂര്യക്കൊപ്പം നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഐതിഹ്യങ്ങളിൽ പറയുന്ന 'കറുത്തച്ചനൂട്ട്' എന്ന വിഷയവുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ അണിയറ പ്രവർത്തകർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അടുത്ത മാസം സിനിമയുടെ ആദ്യ ഷെഡ്യൂൾ ആരംഭിക്കും. കേരളത്തിനു പുറമെ യൂറോപ്യൻ രാജ്യങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കും. ഫൈസൽ അലി ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രവീൺ പ്രഭാകറാണ്.