ഇത്തവണ കോച്ചല്ല,നടൻ... ഓണാശംസകളുമായി ആശാൻ

ഓണാശംസയുമായി ഇവാൻ വുകോമനോവിച്ച് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ നിന്ന്
ഓണാശംസയുമായി ഇവാൻ വുകോമനോവിച്ച് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

'ലോകമെമ്പാടുമുള്ള എന്‍റെ സ്വന്തം മലയാളികളേ… എന്‍റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ! ഞാൻ തിരിച്ചെത്തുന്നു, ഇത്തവണ ഒരു പരിശീലകനായല്ല, ഒരു നടനായാണ്'-കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ചിന്റെ ഹൃദയം നിറഞ്ഞ ഓണാശംസയാണിത്.

മെരിലാന്റ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം 'കരം' സിനിമയിലൂടെ അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച്. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അദ്ദേഹം എത്തുക. ആകാംക്ഷ നിറയ്ക്കുന്നതും വിസ്മയം നിറയ്ക്കുന്നതുമായ ഒട്ടേറെ രംഗങ്ങളുമായി 'കരം' ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിനീത് തന്‍റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് ഇക്കുറി എത്തുന്നത്. സെപ്റ്റംബർ 25നാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.

ഓണാശംസയുമായി ഇവാൻ വുകോമനോവിച്ച് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ നിന്ന്
കളം നിറച്ചും നിറയൊഴിച്ചും ആശാൻ; 'കരം' കൊണ്ട് ഞെട്ടിച്ച് വിനീത്

‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് 'കരം' നിർമിക്കുന്നത്.. മെരിലാന്റ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്.

മെരിലാന്റ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ നിർമാണക്കമ്പനി എത്തുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.

'കര'ത്തിന്റെ ടൈറ്റിൽ പോസ്റ്റർ
'കര'ത്തിന്റെ ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്

ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ.ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com