

ഇന്ത്യൻ സിനിമയുടെ സകല തിളക്കവും ആവാഹിച്ചുകൊണ്ട് മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ചരിത്ര നിമിഷത്തിനു വേദിയായി. കല്യാൺ ജൂവലേഴ്സ്- ഇന്ത്യൻ നാഷണൽ സിനി അക്കാദമി അവാർഡുകളുടെ ആദ്യ പതിപ്പിന്റെ റെഡ് കാർപ്പറ്റിൽ സ്റ്റൈലിഷ് ലുക്കിൽ ഗ്ലാമറസ് ആവേശമായി മാറിയത് മലയാളത്തിന്റെ അഭിമാനതാരങ്ങളായ മംമ്ത മോഹൻദാസും പാർവതി തിരുവോത്തുമാണ്. താരസുന്ദരിമാരുടെ വരവ് ആരാധകരെ ആവേശത്തിലാഴ്ത്തി.
കരൺ ജോഹറും റാണ ദഗുബാട്ടിയുമായിരുന്നു അവതാരകർ. ഇന്ത്യൻ സിനിമയുടെ ഇതിഹാസം കമൽഹാസൻ, നിത്യഹരിതനായിക രേഖ എന്നിവർക്കൊപ്പം മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും നിവിൻ പോളിയും കൂടി എത്തിയതോടെ ചടങ്ങ് അക്ഷരാർഥത്തിൽ മഹാവിരുന്നായി മാറി. ഋഷഭ് ഷെട്ടിയും നാഗചൈതന്യയും ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരന്ന രാത്രി ഇന്ത്യൻ സിനിമയുടെ ഐക്യത്തിന്റെ വിളംബരമായി.
വെറുമൊരു അവാർഡ് നിശ എന്നതിലുപരി ഒരു ഗംഭീര ഫാഷൻ ഷോയുടെ പ്രതീതിയാണ് പാർവതിയുടെയും മംമ്തയുടെയും സാന്നിധ്യം റെഡ് കാർപ്പറ്റിനു നൽകിയത്. ഓരോ ഫ്രെയിമിലും ആത്മവിശ്വാസം നിറഞ്ഞുനിന്ന മംമ്തയുടെയും ക്ളാസിക് ലുക്കിൽ തിളങ്ങിയ പാർവതിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തിളക്കമാർന്ന ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചാണ് ഇൻക അവാർഡിന്റെ ആദ്യ പതിപ്പിനു തിരശീല വീണത്.