മെൽബൺ മേളയിൽ മലയാളിത്തം,'അവിഹിതം' മുതൽ 'തന്തപ്പേര്' വരെ

മെൽബൺ മേളയിൽ മലയാളിത്തം,'അവിഹിതം' മുതൽ 'തന്തപ്പേര്' വരെ
Published on

ഈ വര്‍ഷത്തെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ (ഐഎഫ്എഫ്എം) തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ നിന്നുള്ള ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഓഗസ്റ്റ് 13 മുതല്‍ 23 വരെ നടക്കുന്ന മേളയുടെ 17-ാമത് പതിപ്പിലാണ് മികച്ച പ്രമേയങ്ങളാല്‍ ശ്രദ്ധനേടിയ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും തിളങ്ങാന്‍ ഒരുങ്ങുന്നത്.

Must Read
മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ദുല്‍ഖര്‍ സല്‍മാന് ആദരം
മെൽബൺ മേളയിൽ മലയാളിത്തം,'അവിഹിതം' മുതൽ 'തന്തപ്പേര്' വരെ

മലയാളത്തില്‍നിന്ന് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'അവിഹിതം' ആണ് മേളയിലെ പ്രധാന ആകര്‍ഷണം. ഒരു ഗ്രാമത്തിലെ സ്ത്രീയുടെ രഹസ്യബന്ധത്തെക്കുറിച്ചുള്ള സംശയങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും തമാശയും സാമൂഹിക സന്ദേശവും കലര്‍ത്തി അവതരിപ്പിച്ച ചിത്രമാണിത്.

കൂടാതെ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഫാസില്‍ റസാഖിന്റെ 'മോഹം', ശ്രീജിത്ത് എസ് കുമാര്‍ - ഗ്രിറ്റോ വിന്‍സെന്റ് എന്നിവരുടെ 'ശേഷിപ്പ്', നിപിന്‍ നാരായണന്റെ 'കാത്തിരിപ്പ്', സഞ്ജു സുരേന്ദ്രന്റെ 'ഖിഡ്കി ഗാവ്', ഉണ്ണികൃഷ്ണന്‍ ആവളയുടെ 'തന്തപ്പേര്' എന്നീ മലയാള ചിത്രങ്ങളും ഐഎഫ്എഫ്എമ്മില്‍ പ്രദര്‍ശിപ്പിക്കും. ഹ്രസ്വചിത്ര വിഭാഗത്തില്‍ 'സ്വിച്ച് ഓഫ്', 'കുട്ടിക്കളി' എന്നീ മലയാളം ചിത്രങ്ങളും ഇടംനേടിയിട്ടുണ്ട്.

'മയിലാ' പോസ്റ്റർ
'മയിലാ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

തമിഴ് വിഭാഗത്തില്‍ പാ രഞ്ജിത്ത് നിര്‍മിച്ച് സെമ്മലര്‍ അന്നം സംവിധാനം ചെയ്ത 'മയിലാ', ഉദ്ഘാടന ചിത്രമായ രാമലിംഗം ഗൗതം സംവിധാനം ചെയ്ത 'മെമ്പേഴ്‌സ് ഓഫ് ദ പ്രോബ്ലമാറ്റിക് ഫാമിലി' എന്നിവയും ഉള്‍പ്പെടുന്നു. 'ഭാവി', 'ഞാന്‍ രേവതി' എന്നീ ഡോക്യുമെന്ററികളും 'ഓട്ടോ ക്വീന്‍സ്', 'ഗിവിങ് മോം ദ ടോക്ക്' എന്നീ ഹ്രസ്വചിത്രങ്ങളും തമിഴില്‍നിന്ന് മേളയിലെത്തും. കന്നഡയില്‍നിന്ന് അനൂപ് ലോകുര്‍ സംവിധാനം ചെയ്ത 'എമംഗ് ഹേള്‍ബെഡ', ഡോക്യുമെന്ററിയായ 'ഭാവി', ഹ്രസ്വചിത്രങ്ങളായ 'മുംഗാരിന എട്ടേ', 'പങ്കജ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഋഷഭ് ഷെട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പങ്കജ് ത്രിപാഠി എന്നിവരെ മേളയില്‍ ആദരിക്കും. നടി രേഖ പങ്കെടുക്കുന്ന 'ഉമ്രാവോ ജാന്‍' ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രേഖയെയും ചടങ്ങില്‍ ആദരിക്കും.

Pappappa
pappappa.com