
മോഹൻലാലിനൊപ്പം ചേരുമ്പോൾ സത്യൻ അന്തിക്കാടിന് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഹൃദ്യമായ നർമമുഹൂർത്തങ്ങളിലൂടെ 'ഹൃദയപൂർവ്വം' ടീസർ. ആദ്യാവസാനം ലാലിന്റെ അനായാസഅഭിനയത്തിന്റെ രസനീയത നിറയുന്നതാകും സിനിമയെന്ന് സൂചന നല്കുന്നതാണിത്. ഫഹദ് ഫാസിലിനെക്കുറിച്ചും മലയാളത്തിലെ സീനിയർ ആക്ടേഴ്സിനെക്കുറിച്ചുമുള്ള പരാമർശങ്ങളോടെയുള്ള ടീസറിന്റെ തുടക്കം തന്നെ 'ഹൃദയപൂർവം' എത്തരത്തിലുള്ള സിനിമയായിരിക്കും എന്ന് വിളിച്ചുപറയുന്നു. ഓഗസ്റ്റ് 28ന് ആണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.
മോഹൻലാലിനെക്കൂടാതെ സംഗീത് പ്രതാപ്,മാളവിക മോഹൻ,സംഗീത,സിദ്ദിഖ്,ലാലു അലക്സ് തുടങ്ങിയവരും ടീസറിൽ പ്രത്യക്ഷപ്പെടുന്നു. നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സോനു ടി.പിയാണ് തിരക്കഥയൊരുക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും ചിത്രത്തിന്റെ അണിയറയിലുണ്ട്. അനൂപിന്റേതാണ് കഥയും.
ജസ്റ്റിൻ പ്രഭാകറിന്റേതാണ് സംഗീതം. അനുമൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങും നിർവഹിക്കുന്നു. ഗാനങ്ങൾ - മനു മഞ്ജിത്ത്. കലാസംവിധാനം - പ്രശാന്ത് നാരായണൻ. മേക്കപ്പ് -പാണ്ഡ്യൻ,കോസ്റ്റ്യൂം-സമീറാ സനീഷ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.