
ശ്രീനിവാസനിലെ സംവിധായകൻ ക്യാമറയ്ക്കൊപ്പം വെള്ളത്തിലേക്ക് ചാടിയ 'ചിന്താവിഷ്ടയായ ശ്യാമള'യുടെ നിർമാതാവാണ് കാൾട്ടൻ കരുണാകരൻ എന്ന സി.കരുണാകരൻ. സുഹൃത്താണെങ്കിലും ശ്യാമള നല്കിയ പണവും പ്രശസ്തിയും സത്പേരും കാരണം കരുണാകരൻ ശ്രീനിയിൽ കൂടുതൽ വശംവദനായി. അതുകൊണ്ട് 'അടുത്ത ചിത്രം ആത്മാവിന്റെ പാതിയായ സത്യനെക്കൂട്ടി ആയിക്കൂടേ' എന്ന് ചോദിച്ചപ്പോൾ 'ആയിക്കോട്ടെ' എന്ന് ശ്രീനിവാസൻ.
കഥയുടെ ആലോചനയും തിരക്കഥയെഴുത്തുമെല്ലാം ഇവിടെ മതിയെന്ന് പ്രവാസി വ്യവസായികൂടിയായ കരുണാകരൻ പറഞ്ഞപ്പോൾ ശ്രീനിക്കും സത്യനും പൂർണസമ്മതം. കേരളത്തിലെ ഹോട്ടൽമുറികളൊക്കെ സർക്കാർ ആശുപത്രിയിലെ പ്രസവവാർഡുപോലെ പരിചിതം ആയിക്കഴിഞ്ഞിരുന്നു രണ്ടുപേർക്കും. അതുകൊണ്ട് ഇത്തവണ വിദേശത്ത് എവിടെയെങ്കിലുമാകട്ടെ പേറ്റുനോവിന്റെ വേദിയും ഈറ്റില്ലവുമെന്ന് വിചാരിച്ചു.
അങ്ങനെ ശ്രീനിയും സത്യനും ഷാർജയ്ക്ക് വിമാനം കയറുന്നു. ആരും അറിയാത്ത സ്ഥലത്തായിരിക്കണം താമസം എന്ന് ശ്രീനി നിബന്ധന വച്ചിരുന്നു. കാരണം ഗൾഫിൽ ചെന്നാൽ പിന്നെ ഫോട്ടോയെടുപ്പിനും വീടുകളിലേക്കുള്ള വിരുന്നുപോക്കിനും മാത്രമേ സമയം കാണൂ. പാട്യം മുതൽ പാറശ്ശാലവരെയുള്ളവർ വന്ന് കെട്ടിപ്പിടിക്കും, കൂട്ടിക്കൊണ്ടുപോകും. പറയെടുപ്പിന് പോകുന്ന ആനയുടെ അവസ്ഥ. കഥയെഴുത്ത് മാത്രം നടക്കില്ല. അതുകൊണ്ടാണ് ഒളിയിടംപോലെയൊന്ന് വേണമെന്ന് ശ്രീനി പറഞ്ഞത്.
ഒരു ടൂറിസ്റ്റ് കോട്ടേജിൽ ശ്രീനിയും സത്യനും ആരുമറിയാതെ പാർപ്പ് തുടങ്ങി. രാവിലെ എഴുന്നേല്കും, ഭക്ഷണം കഴിക്കും. കുറച്ചുനേരം ലോകകാര്യങ്ങൾ സംസാരിക്കും. പിന്നെ കൈയിൽ കരുതിയ പുസ്തകങ്ങളിൽ നിന്ന് ഒരെണ്ണമെടുക്കും. സ്വന്തം മുറിയിലേക്ക് പോകും. വായന തുടങ്ങും.
വിശപ്പ് വിളിക്കുമ്പോൾ വായനനിർത്തി വീണ്ടും തീൻമേശയിലേക്ക്. ശ്രീനി അറബിനാട്ടിലെ ഭക്ഷണത്തിന്റെ ആഗോളമാനങ്ങൾ ചവച്ചിറക്കുമ്പോൾ സത്യൻ അമ്പിസ്വാമിയെക്കുറിച്ചുള്ള ഓർമകൾ അയവിറക്കും. അതുകഴിഞ്ഞാൽ പിന്നെ ഉച്ചയുറക്കമാണ്. കഥയല്ല,ആനവന്ന് കുത്തിയാൽപോലും എഴുന്നേല്കില്ല. ഉച്ചമയക്കം കഴിഞ്ഞ് ചൂടുചായ മൊത്തി പിന്നെയും വായന.
അപ്പോഴേക്കും സന്ധ്യപരക്കും. പിന്നെ നീന്തൽക്കുളത്തിലിറങ്ങിക്കിടക്കും,കുറേനേരം. ആകെ മുങ്ങിയാൽ പിന്നെ കുളിരില്ലല്ലോ. ഇളംചൂടുള്ള വെള്ളമായതുകൊണ്ട് പ്രത്യേകിച്ചും. അതുകൊണ്ട് നീന്തലും കുളിയും കഴിഞ്ഞ് കരയ്ക്ക് കയറി പിന്നെ വീണ്ടും ആഗോളകാര്യങ്ങൾ ചൂടോടെ നിരീക്ഷിക്കും. രാത്രിഭക്ഷണം കഴിഞ്ഞ് കുറച്ചുനേരം കൂടി വായന,അതുകഴിഞ്ഞ് സുഖനിദ്ര. ഇതിനിടയ്ക്ക് വന്ന കാര്യം മാത്രം നടക്കുന്നില്ല-കഥയുണ്ടാക്കൽ.
രണ്ടുദിവസം കൂടുമ്പോൾ കരുണാകരൻ വരും. ചർച്ചയിലേക്ക് മൂന്നാമതൊരാൾ കൂടി ആയെന്നേയുള്ളൂ. കഥയുടെ കാര്യമൊഴികെ ബാക്കി ലോകത്തുള്ള മുഴുവൻ കാര്യങ്ങളും സംസാരിക്കും. കേരളരാഷ്ട്രീയം വിലയിരുത്തും. ക്രൂഡോയിലിന്റെ വിലയും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറച്ച് ശ്രീനി കത്തിക്കയറുമ്പോൾ സത്യൻ ആ എരിതീയിലേക്ക് കുറച്ചുകൂടി എണ്ണ ഒഴിച്ചുകൊടുക്കും. കരുണാകരൻ എല്ലാം കേട്ടിരിക്കും. കഥയെന്തായി എന്ന് ചോദിക്കാൻ മടിച്ച് ഒടുവിൽ യാത്രപറഞ്ഞ് മടങ്ങും. സത്യനും ശ്രീനിയും പതിവ് ദിനചര്യകൾ തുടരും.
അങ്ങനെയങ്ങനെ മടങ്ങിപ്പോകേണ്ട സമയമായി. ഇനി രണ്ടുമൂന്നുദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് തിരിക്കണം. കഥയെല്ലാം റെഡിയായെന്നും ഷൂട്ടിങ്ങ് ഉടൻ തുടങ്ങാമെന്നുമുള്ള വിശ്വാസം ഉള്ളിലൊതുക്കിയാണ് കരുണാകരൻ തൊട്ടുമുമ്പുള്ള ദിവസം കണ്ടുപിരിഞ്ഞത്. അങ്ങനെ മടക്കടിക്കറ്റും വാങ്ങിവച്ച്, പോകുന്നതിന്റെ തലേന്ന് നീന്തൽക്കുളത്തിൽ ലോകത്തെ നിരീക്ഷിച്ച് കിടക്കുമ്പോൾ നാടകീയമായി സത്യൻ പറയുന്നു
'പണം ഇന്നുവരും,നാളെപ്പോകും. അതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല..'
ഉടൻ ശ്രീനി ഉവാച: 'നാളെ പോകാനായിട്ടെങ്കിലും ഇന്നുവരണ്ടേ? അതുണ്ടാകുന്നില്ലല്ലോ...!'
ശ്രീനി അപ്പോൾ ഓടിയിരുന്നെങ്കിൽ അത് ആർക്കമിഡീസിന്റെ യുറേക്കക്കഥ പോലെയാകുമായിരുന്നു. അപ്പോൾ അങ്ങനെ ചെയ്തില്ലെങ്കിലും കരയ്ക്ക് കയറിയ ഉടൻ ശ്രീനി ആ ഡയലോഗ് കടലാസിൽ കുറിച്ചിട്ടു. ആ നിമിഷം രണ്ടാൾക്കും ഉറപ്പായി 'ദാ കഥ വന്നുകഴിഞ്ഞു,ഇനി പ്രസവിക്കുകയും പോറ്റുകയും ചെയ്താൽ മതി'. അതോടെ ആഹ്ലാദവാനായി ശ്രീനി പ്രഖ്യാപിച്ചു: 'ഇതാണ് നമ്മുടെ അടുത്ത സിനിമ.' സത്യൻ അപ്പോൾതന്നെ മനസ്സിൽ ഇന്നസെന്റിനും കെ.പി.എ.സി ലളിതയ്ക്കുമൊക്കെയുള്ള കഥാപാത്രങ്ങളുടെ അളവ് തുന്നി.
രാത്രി കരുണാകരൻ വന്നു. പതിവിന് വിരുദ്ധമായി മേശപ്പുറത്ത് ഒരുകെട്ട് കടലാസുണ്ട്. കരുണാകരൻ പതിയെ അതിന്റെ അടുത്തേക്ക് ചെന്നു. ആദ്യ പേജിൽ ശ്രീനിയുടെ കൈയക്ഷരത്തിൽ ആ ഡയലോഗ്:
'പണം ഇന്നുവരും,നാളെപ്പോകും. അതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല..
നാളെ പോകാനായിട്ടെങ്കിലും ഇന്നുവരണ്ടേ? അതുണ്ടാകുന്നില്ലല്ലോ...! '
വായിച്ചപ്പോൾ തന്നെ കരുണാകരൻ പടംസൂപ്പർഹിറ്റായപോലെ ചിരിച്ചു. ബാക്കി വായിക്കാൻ ധൈര്യപ്പെട്ടില്ല. 'ഹോ...തുടക്കം ഇതാണെങ്കിൽ ബാക്കിയുള്ള ഐറ്റങ്ങളൊക്കെ എന്താകും...' കൈ ഒന്ന് നീട്ടാൻ തുനിഞ്ഞെങ്കിലും സസ്പെൻസ് അങ്ങനെതന്നെയിരിക്കട്ടെ എന്ന തോന്നലിലും, സംവിധായകനും തിരക്കഥാകൃത്തിനും അനൗചിത്യം അനുഭവപ്പെട്ടാലോ എന്ന ആശങ്കയിലും നിർമാതാവ് ബാക്കി വായിക്കാതെ ആദ്യപേജിലെ വാചകങ്ങൾ ഒന്നുകൂടി വായിച്ച് സംതൃപ്തനായി. നേരെവന്ന് ശ്രീനിക്കും സത്യനും കൈകൊടുത്തു.
പിറ്റേന്ന് വിമാനത്താവളത്തിൽ വച്ച് അവർ വീണ്ടും കണ്ടു. അപ്പോൾ ശ്രീനി, കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിഞ്ഞിറങ്ങി ഹോട്ടലിന്റെ കൗണ്ടറിൽ ബില്ലുകൊടുക്കാൻ തയ്യാറായിനില്കുന്നയാളുടെ ഭാവത്തിൽ ചോദിച്ചു:
'കരുണേട്ടാ,ഞങ്ങളുടെ യാത്രയ്ക്ക് മൊത്തം എത്രരൂപയായി..?'
കരുണാകരന് ആ ചോദ്യം സഹിക്കാനായില്ല. അടുത്ത സുഹൃത്ത് കഴിച്ചഭക്ഷണത്തിന്റെ കാശുചോദിക്കുന്ന ഹോട്ടലുടമയുടെ അവസ്ഥയിലായി അദ്ദേഹം.
'അയ്യോ...ശ്രീനി..നമ്മൾ തമ്മിൽ കാശിന്റെ കണക്കുപറയേണ്ട കാര്യമുണ്ടോ..അങ്ങനെയൊന്നും ചോദിക്കരുത്...'
ഉടൻ ശ്രീനി: 'പേടിക്കണ്ട..തരാനല്ല...അറിയാനാണ്...'
എന്നിട്ടും കരുണാകരൻ കണക്കുപറയാൻ തയ്യാറായില്ല. ഒടുവിൽ 'ദേ വിമാനം പോകാറായി,വേഗം പറ...'എന്ന് പറഞ്ഞപ്പോൾ സത്യം വെളിപ്പെടുത്തി.
'എല്ലാംകൂടി രണ്ടുലക്ഷം കവിഞ്ഞുകാണും...'
അപ്പോൾ ശ്രീനിയൊന്ന് സത്യനെ നോക്കി. അതിന്റെ അർഥം പിടികിട്ടിയ മട്ടിൽ സത്യൻ ഉടൻ പറഞ്ഞു: 'കരുണേട്ടാ..ശ്രീനിയുടെ പെട്ടിയിലുള്ളത് രണ്ടുലക്ഷത്തിന്റെ ഡയലോഗാണ്..ഇന്നലെ വായിച്ച ആ ഡയലോഗ് മാത്രമേ ഇത്രദിവസം കൊണ്ട് കിട്ടിയുള്ളൂ. പക്ഷേ പേടിക്കണ്ട...അവനാണ് ആണിക്കല്ല്. അതിന്മേൽ പിടിച്ച് നമ്മൾ സിനിമയുണ്ടാക്കും..ദാ..ഇവിടെ നമ്മുടെ സിനിമ തുടങ്ങുന്നു.'
കരുണാകരന് പ്രതിവചിക്കാൻ അവസരം കിട്ടുംമുമ്പ് ഷാർജ-കൊച്ചി വിമാനത്തിനുള്ള അവസാന ബോർഡിങ്ങ്അറിയിപ്പ് മുഴങ്ങി.
പോൾബാർബറിന്റെയും സംഘത്തിന്റെയും കൈയിൽ നിന്ന് തിരിച്ചുപിടിച്ച സ്വർണകിരീടവുമായി ഇന്ത്യയിലേക്ക് മടങ്ങുന്ന ദാസനെയും വിജയനെയും പോലെ ശ്രീനിയും സത്യനും പെട്ടിയും തൂക്കി വിമാനത്താവളത്തിനുള്ളിലേക്ക് വേഗത്തിൽ നടന്നു.
രണ്ടുലക്ഷം രൂപവിലയുള്ള ആ ഡയലോഗിന്റെ മുകളിൽ പണിത സിനിമയാണ് 'നരേന്ദ്രൻ മകൻ ജയകാന്തൻവക'. പക്ഷേ ആ ഡയലോഗ് അതിൽ ഉപയോഗിക്കാനായില്ലെന്ന് മാത്രം...
(തുടരും)