

അമല പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസ് നിർമ്മിക്കുന്ന 'ഹാഫ്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. 'ഗോളം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിർമാതാക്കളായ ആൻ സജീവും സജീവ് പി.കെ യും, സംവിധായകൻ സംജാദും വീണ്ടും ഒന്നിക്കുന്ന വമ്പൻ വാംപയർ ത്രില്ലർ ചിത്രമാണ് 'ഹാഫ് :ദ് ക്രോണിക്കിൾസ് ഓഫ് ടൂ ഹാഫ് ബ്രെഡ് വാമ്പയേഴ്സ്'.
പ്രണയം, പരിവാർ, ഗോളം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ആൻ സജീവും, സജീവ് പി.കെ യും വ്യത്യസ്ത ജോണറുകളിലെ കഥകളെ അവതരിപ്പിക്കാനുള്ള പ്രതിബദ്ധത 'ഹാഫ്' എന്ന ചിത്രത്തിലൂടെയും തുടരുകയാണ്. ഗോളത്തിലൂടെ ശക്തമായ അരങ്ങേറ്റം കുറിച്ച സംജാദ്, വാംപയർ മിത്തോളജിയുടെ പശ്ചാത്തലത്തിൽ റിവഞ്ച്, സർവൈവൽ, ഐഡൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രതിഫലിക്കാൻ പോകുന്ന സംഘർഷങ്ങളും, മിസ്റ്ററിയും , പുതുതായി പുറത്ത് വിട്ട പോസ്റ്ററിൽ നിറഞ്ഞു നില്കുന്നു.
അമലാ പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ് എന്നിവർക്കൊപ്പം തെന്നിന്ത്യൻ താരം അബ്ബാസിന്റെ ഗംഭീര തിരിച്ചുവരവിനും ‘ഹാഫ്’ സാക്ഷ്യം വഹിക്കുന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗ്രീറ്റിങ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ അബ്ബാസ് ഏറെക്കാലത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഹോളിവുഡ് ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾക്ക് ശ്രദ്ധേയനായ സ്റ്റണ്ട് വിദഗ്ധൻ വെരി ട്രൈ യുലിസ്മാൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ സിനിമയ്ക്ക് ആഗോള നിലവാരം നല്കും.
ദേശീയ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ള വൻ സാങ്കേതിക നിര തന്നെയാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. 'ആട്ടം' സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും, ലൂസിഫർ, 2018 തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. പപ്പിനുവാണ് ഛായാഗ്രഹണം. റോഷാക്ക്, ഓസ്‌ലർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശംസ നേടിയ മിഥുൻ മുകുന്ദനാണ് സംഗീതം. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രഞ്ജിത് സജീവും ഐശ്വര്യ രാജും ചിത്രത്തിലെ വാംപയർ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അമലാ പോൾ മറ്റൊരു വേഷത്തിലെത്തുന്നു. വിപുലമായ പാൻ-ഇന്ത്യൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും. ഓഡിയോഗ്രാഫി-വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് കുമാർ കെ.ജി,അസോസിയേറ്റ് ഡയറക്ടർ-ജിബിൻ ജോയ്, മേക്കപ്പ്-നരസിംഹസ്വാമി, കോസ്റ്റ്യൂം-ധന്യ ബാലകൃഷ്ണൻ, പ്രോസ്തറ്റിക്സ്-സേതു ശിവാനന്ദൻ,വിഎഫ്എക്സ്-പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ്-സിനറ്റ് സേവിയർ,പബ്ലിസിറ്റി ഡിസൈൻ-ടിവിറ്റി,പിആർഒ-എ.എസ് ദിനേശ്.