

പ്രശസ്ത മലയാള ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ -90) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ണൂറാം ജന്മദിനാഘോഷങ്ങൾക്ക് കുടുംബം തയാറെടുക്കുന്നതിനിടെ പുലർച്ചെയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.
മലയാള സിനിമയുടെ മദ്രാസ് കാലഘട്ടം മുതൽ വ്യവസായത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജിയോ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. സംവിധായകൻ ഐ.വി. ശശി, തിരക്കഥാകൃത്ത് ടി. ദാമോദരൻ കൂട്ടുകെട്ടിന്റെ രചനയിലും സംവിധാനത്തിലും ജിയോ കുട്ടപ്പൻ നിർമിച്ച ചിത്രങ്ങൾ മലയാള സിനിമാ ചരിത്രത്തിലെ വൻ വിജയങ്ങളായിരുന്നു. 'ഈ നാട്', 'മീൻ', 'ഇനിയുമൊരു പുഴയൊഴുകും', 'ഏഴാം കടലിനക്കരെ', 'ഇന്നല്ലെങ്കിൽ നാളെ', 'ഇനിയെങ്കിലും', 'ഇത്രയും കാലം' തുടങ്ങി നിരവധി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങി.
മമ്മൂട്ടിയും രതീഷും പ്രധാന വേഷങ്ങളിലെത്തിയ 'ഈ നാട്' 125 ദിവസത്തിലധികം തിയേറ്ററുകളിൽ ഓടുകയും മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടുകയും ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കമൽഹാസനെ സ്വാധീനിച്ച 60 ചിത്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
ഐ.വി. ശശി ചിത്രങ്ങൾക്ക് പുറമേ ഭദ്രന്റെ 'ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ', മണിരത്നം മലയാളത്തിൽ സംവിധാനം ചെയ്ത ഏക ചിത്രമായ 'ഉണരൂ', ജെ. ശശികുമാറിന്റെ 'മിനിമോൾ', എം. കൃഷ്ണൻ നായരുടെ 'രജനീഗന്ധി' തുടങ്ങിയ പ്രശസ്ത സിനിമകളും അദ്ദേഹത്തിന്റെ നിർമാണത്തിൽ പുറത്തുവന്നവയാണ്.
കേരള ഫിലിം ചേംബർ പ്രസിഡന്റായി ആറു വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സിലും സജീവമായിരുന്നു. സിനിമയിലെ തന്റെ ഏഴ് പതിറ്റാണ്ടുകാലത്തെ അനുഭവം വിവരിക്കുന്ന 'സിനിമയും ഞാനും - 70 വർഷങ്ങൾ' എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.
ശവസംസ്കാരം വ്യാഴാഴ്ച കൊച്ചി ഇടപ്പള്ളി മേരി ക്വീൻസ് പള്ളി സെമിത്തേരിയിൽ നടക്കും. ചലച്ചിത്ര രംഗത്തെ പ്രമുഖരും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.