

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2026 സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം 'കോവർട്ടി' നേടി. 'ഓപ്പോണന്റ്' രണ്ടാം മികച്ച ചിത്രമായും 'പ്രേമപ്പലഹാരം' മികച്ച വിനോദമൂല്യമുള്ള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. 'ഓപ്പോണന്റ്' എന്ന ചിത്രത്തിലൂടെ ആമോസ് ടി.ജി. മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ഓപ്പോണന്റ്' എന്ന ചിത്രത്തിലൂടെ കിഷോർ റോഷിക് മികച്ച നടനായും 'കോവർട്ടി'യിലൂടെ രജിഷ വിജയൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 'ചിക്കൻ കറി'യിലെ അനികേത് അനൂപിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം.
'കോവർട്ടി'യുടെ തിരക്കഥയ്ക്ക് വിമൽ ഗോപാലകൃഷ്ണനും രോഹിൻ രവീന്ദ്രൻ നായരും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി.ശരത് അങ്കാട് ആണ് മികച്ച കഥാകൃത്ത്(മേയ് ഡേ). മികച്ച ഛായാഗ്രാഹകരായി സന്ദീപ് എസ്., സുനിൽ ആർ. ബോർക്കർ(കോവർട്ടി) എന്നിവരും, മികച്ച എഡിറ്ററായി 'പ്രേമപ്പലഹാരം' ചിത്രത്തിലെ ആഷിഷ് ഉണ്ണികൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. '
നസീം സാബ ( സംവിധാനം-പ്രേമപ്പലഹാരം),ശരത് അങ്കാട് (തിരക്കഥ-മേയ് ഡേ) എന്നിവർ സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾക്ക് അർഹരായി. 'KL 13 ഒരു മെറ്റഡോറിയൻ യാത്ര'യിലെ ശരത് രാഘവനും വൈശാഖ് രാഘവനും യഥാക്രമം അഭിനയം, ബാലതാരം വിഭാഗങ്ങളിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടി. 'പ്രേമ പലഹാരം' ചിത്രത്തിലെ ഹെലൻ എലിസബത്ത് ജോർജിനും അഭിനയത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.
സംവിധായകൻ ബ്ലെസി അധ്യക്ഷനായ ജൂറിയാണ് വിവിധ വിഭാഗങ്ങളിലായി 16 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകരായ ജീത്തു ജോസഫ്, ആൻവർ റഷീദ്, തരുൺ മൂർത്തി, ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ എന്നിവർ ജൂറി അംഗങ്ങളായിരുന്നു. ശില്പം, സർട്ടിഫിക്കറ്റ്, കാഷ് അവാർഡ് എന്നിവ ഉൾപ്പെടുന്ന പുരസ്കാരങ്ങൾ ജൂലായ് 18-ന് വൈകിട്ട് 3 മണിക്ക് കൊച്ചി പരമാര റോഡിലെ ഹോട്ടൽ ലൂമിനാറായിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും രണ്ടാം മികച്ച ചിത്രത്തിന് അൻപതിനായിരം രൂപയും കാഷ് അവാർഡായി നൽകും.