

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ 'ഐ ആം ഗെയിം' ഓഗസ്റ്റ് 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്നു. ഓണം റിലീസായി എത്തുന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ തരംഗമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുന്ന ദുല്‍ഖറിന്റെ വേറിട്ട ലുക്കിലുള്ള പുതിയ പോസ്റ്ററും ഇതോടൊപ്പം അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചു. 'ആര്‍ഡിഎക്‌സ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2023-ലെ 'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'.
നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ കഥ. ബിലാല്‍ മൊയ്തു, ഇസ്മായില്‍ അബൂബക്കര്‍, സജീര്‍ ബാബ എന്നിവരാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷഹബാസ് റഷീദും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ തയാറാക്കിയത്. ആന്റണി വര്‍ഗീസ് പെപ്പെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് സംവിധായകന്‍ മിഷ്‌കിന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴ് താരം കതിര്‍, കയാദു ലൊഹാര്‍, സംയുക്ത വിശ്വനാഥന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഡബ്ബിങ് ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമന്‍ ചാക്കോയാണ് കൈകാര്യം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.