

യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും തമ്മില്‍ പിണക്കമോ..? ഇത്തരത്തില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. ഇക്കാര്യത്തില്‍ ഇരുവരുടെയും ആരാധകര്‍ നിരാശയിലായിരുന്നു. അണിയറയിലൊരുങ്ങുന്ന 'ലോക:'യുടെ രണ്ടാം ഭാഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകുമെന്ന ആശങ്കയും പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ.
താനും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ടൊവിനോ ചിരിച്ചുതള്ളി. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര' എന്ന സിനിമയുടെ പ്രമോഷന്‍ വേളയില്‍ ടൊവിനോയുടെ പേര് പരാമര്‍ശിക്കപ്പെടാത്തത് ദുല്‍ഖറുമായുള്ള അസ്വാരസ്യങ്ങള്‍ കാരണമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ടൊവിനോയുടെ മറുപടി.
ദുല്‍ഖര്‍ സല്‍മാനുമായി വര്‍ഷങ്ങളായുള്ള സൗഹൃദമാണ് തനിക്കുള്ളതെന്ന് ടൊവിനോ പറഞ്ഞു. 'ദുല്‍ഖര്‍ നായകനായ 'തീവ്രം' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ 'എബിസിഡി' എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചു. അന്നു മുതല്‍ ഇന്നുവരെ എന്നോട് ഏറ്റവും സ്‌നേഹത്തോടെ പെരുമാറുന്ന വ്യക്തിയാണ് ദുല്‍ഖര്‍'-ടൊവിനോ പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള വാട്‌സാപ് ചാറ്റുകള്‍ കണ്ടാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ എത്രത്തോളം അടിസ്ഥാനരഹിതമാണെന്നു മനസിലാകുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
'ലോക:' സിനിമയുടെ സംവിധായകന്‍ ഡൊമിനിക് അരുണുമായി 'തരംഗം' എന്ന സിനിമയിലൂടെയുള്ള ബന്ധമുണ്ടെന്നും ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ നസ്ലെന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുമായി അടുത്ത സൗഹൃദമാണ് തനിക്കുള്ളതെന്നും താരം പറഞ്ഞു. ഇത്തരം ഗോസിപ്പുകള്‍ കാണുമ്പോള്‍ തങ്ങള്‍ ഒന്നിച്ചിരുന്ന് ചിരിക്കാറാണ് പതിവെന്നും ടൊവിനോ വ്യക്തമാക്കി. 'ലോക:' ഫ്രാഞ്ചൈസിയിലെ അടുത്ത ഭാഗത്തിന്റെ പ്രമോഷനായി താനും ദുല്‍ഖറും ഒരുമിച്ച് വരുമ്പോള്‍ ഇതേ ചോദ്യം വീണ്ടും ചോദിക്കണമെന്നും ടൊവിനോ തമാശരൂപേണ മറുപടി നല്‍കി.