

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്മാന്. ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ച ആശംസ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. 'ഡാ കൊച്ചു ചെറുക്കാ, പിറന്നാള്‍ ആശംസകള്‍ ചക്കരെ... മികച്ചൊരു ദിനവും വര്‍ഷവും നേരുന്നു'- ദുല്‍ഖര്‍ കുറിച്ചു.
മുമ്പും നസ്ലിനോടുള്ള തന്റെ സൗഹൃദവും സ്നേഹവും ദുല്‍ഖര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന തെലുങ്ക് പ്രീ-റിലീസ് വേദിയില്‍ നസ്ലിനെക്കുറിച്ച് ദുല്‍ഖര്‍ സംസാരിച്ച കാര്യങ്ങള്‍ ഏറെ വൈറലായിരുന്നു. കൂടാതെ, ടൊവിനോയ്ക്കും ദുല്‍ഖറിനുമൊപ്പമുള്ള ചിത്രം നസ്ലിൻ പങ്കുവെച്ചപ്പോള്‍ 'എടാ സൂപ്പര്‍സ്റ്റാറെ...' എന്ന ദുല്‍ഖറിന്റെ കമന്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആ സൗഹൃദം അടിവരയിടുന്നതാണ് പുതിയ പിറന്നാള്‍ ആശംസയും.
നായകനായി തിയേറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് നസ്ലിന്റെ പിറന്നാള്‍. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം തന്നെ 15 കോടി രൂപ സ്വന്തമാക്കി മുന്നേറുകയാണ്.
സംവിധായകനാകാന്‍ കൊതിക്കുന്ന വിനീത് മാധവന് എന്ന കഥാപാത്രത്തെയാണ് നസ്ലിൻ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഇതെന്ന് പ്രേക്ഷകരും സിനിമാ നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നു. ഷറഫുദീന്‍, റോഷന് മാത്യു, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.