

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് പരമ്പരയായ 'ദൃശ്യം' നാലാം ഭാഗത്തിലേക്ക്. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി നാലാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. നടന്‍ മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും സാക്ഷിയായ വേദിയില്‍ വച്ചായിരുന്നു ചലച്ചിത്രലോകവും ദൃശ്യം ആരാധകരും കാത്തിരുന്ന പ്രഖ്യാപനം.
മഴവില്‍ മനോരമ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്സ് വേദിയായിരുന്നു ഈ ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചത്. മുന്‍പ് ഇതേ വേദിയില്‍ വച്ച് ജീത്തു ജോസഫിന്റെ അനുവാദമില്ലാതെയാണ് 'ദൃശ്യം 3' ഉണ്ടാകുമെന്ന് താന്‍ പ്രഖ്യാപിച്ചതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. അതേപോലെ, മനസില്‍ നിന്നുള്ള വലിയൊരു ആഗ്രഹമായി 'ദൃശ്യം 4' തീര്‍ച്ചയായും ഉണ്ടാകുമെന്ന് താന്‍ വീണ്ടും പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'ലാൽ സാർ, ഇത് ഞാൻ എന്റെ മനസ്സിൽ നിന്ന് പറയുന്നതാണ്. നാലാംഭാഗം ഉണ്ടാകും..ഉണ്ടാകണം...' സദസ്സിലിരുന്ന മോഹൻലാലിനെ നോക്കി ആന്റണി പറഞ്ഞു.
ആന്റണി പെരുമ്പാവൂരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെ വലിയ കൈയടികളോടെയാണ് സദസ് വരവേറ്റത്. ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും തുടര്‍ന്നുള്ള കഥ അറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഇതോടെ വീണ്ടും വഴിയൊരുങ്ങിയിരിക്കുകയാണ്.