

മോഹൻലാൽ എന്ന വിസ്മയതാരവും ജീത്തു ജോസഫ് എന്ന മാന്ത്രികനും വീണ്ടും ഒന്നിച്ചപ്പോള്‍ മലയാള സിനിമയ്ക്കു ലഭിച്ചതു സമാനതകളില്ലാത്ത ബോക്സ് ഓഫീസ് ചരിത്രം. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളക്കരയെ മുള്‍മുനയില്‍ നിര്‍ത്തിയ ആ കഥ, മൂന്നാം അധ്യായത്തിലും ലോകമെമ്പടുമുള്ള സിനിമാപ്രേമികളെ വിസ്മയിപ്പിച്ചു മുന്നേറുകയാണ്.
മലയാള സിനിമയുടെ അതിരുകള്‍ മായ്ച്ചുകളഞ്ഞ ജോര്‍ജുകുട്ടിയും കുടുംബവും 330 കോടിയുടെ തിളക്കത്തിലാണ് ഇപ്പോള്‍. തിയേറ്ററുകളില്‍ റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകള്‍ കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് ഓടിക്കയറിയ ചിത്രം, ഏഴാം ദിവസം 200 കോടിയും കടന്നു കുതിച്ചു. ഇപ്പോള്‍ പ്രദര്‍ശനത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എത്തുമ്പോള്‍ 330 കോടി എന്ന സ്വപ്നതുല്യമായ നാഴികക്കല്ലാണ് ദൃശ്യം 3 പിന്നിട്ടിരിക്കുന്നത്.
വിജയനിമിഷത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ആരാധകര്‍ നെഞ്ചേറ്റി: 'തലമുറകള്‍ കൈമാറിയത്... കേരളത്തില്‍ നിന്നാരംഭിച്ച കഥ ഭാഷകളും അതിരുകളും ലക്ഷക്കണക്കിന് ഹൃദയങ്ങളും കടന്ന് സഞ്ചരിച്ചു. 13 വര്‍ഷങ്ങള്‍ക്കും മൂന്ന് അധ്യായങ്ങള്‍ക്കുമപ്പുറം ചരിത്രം സൃഷ്ടിച്ച് യാത്ര തുടരുന്നു. നിങ്ങളുടെ സ്വന്തമായി ഏറ്റെടുത്തതിന് നന്ദി....'
തന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ജീത്തു ജോസഫുമൊപ്പമുള്ള വിജയ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. 'അതിരുകള്‍ താണ്ടിയ നാഴികക്കല്ല്' എന്നാണ് അണിയറപ്രവര്‍ത്തകര്‍ ഈ വിജയത്തെ വിശേഷിപ്പിക്കുന്നത്.
ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് ഇതിനകം ദൃശ്യത്തിന് സ്വന്തമാണ്. അതിന്റെ ആവേശം ഒട്ടും ചോരാതെ, ദൃശ്യം 3-യുടെ ആഗോള തിയേറ്ററിക്കല്‍ റൈറ്റ്സ് ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളും സിനിമ റിലീസ് ചെയ്യും മുമ്പു തന്നെ വിറ്റുപോയിരുന്നു. 'ദൃശ്യം' ഹിന്ദി പതിപ്പുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ അവകാശങ്ങള്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കിയത്.
തിയേറ്ററുകളില്‍ കൈയടി വാരിയ ആ ക്ലൈമാക്സ് ട്വിസ്റ്റുകള്‍ ഇനി സ്വീകരണമുറികളിലേക്ക് എത്തും. ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസ് തീയതി പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂണ്‍ 18 ന് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീമിങ് ആരംഭിക്കും.