

ഇന്ത്യന്‍ ചലച്ചിത്രലോകം ഒന്നടങ്കം കാത്തിരുന്ന 'ദൃശ്യം 3' തിയറ്ററുകളില്‍ ചരിത്ര വിജയത്തിലേക്കു കുതിക്കുമ്പോള്‍, ആരാധകരുടെ സ്‌നേഹത്തിനു മുന്നില്‍ വികാരാധീനനായി സൂപ്പര്‍താരം മോഹന്‍ലാല്‍. എറണാകുളം കവിത തിയറ്ററില്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍, ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകരുടെ ആവേശവും കൈയടിയും കണ്ട് സന്തോഷത്താൽ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്ന വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
തന്റെ ജന്മദിനമായ മേയ് 21-ന് തിയറ്ററുകളില്‍ അണപൊട്ടിയൊഴുകിയ സ്‌നേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് ലാലേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
'നിങ്ങളുടെ സ്‌നേഹം, വാക്കുകള്‍, നിങ്ങള്‍ പങ്കിട്ട വികാരങ്ങള്‍ എന്നിവ എനിക്ക് മറ്റെന്തിനാക്കളും അര്‍ഥവത്താണ്. ചിത്രം കണ്ടതിനും, ഓരോ നിമിഷവും അനുഭവിച്ചതിനും, ജോര്‍ജുകുട്ടിയെയും കുടുംബത്തെയും നിങ്ങളുടേതായി സ്വീകരിച്ചതിനും നന്ദി'- മോഹൻലാൽ കുറിച്ചു.
2013-ല്‍ പുറത്തിറങ്ങി മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച 'ദൃശ്യം' സീരീസിലെ മൂന്നാം ഭാഗത്തിനും തിയറ്ററുകളില്‍നിന്ന് അത്യന്തം ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്പെന്‍സുകളും മികച്ച കഥാ പശ്ചാത്തലവുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് ഇക്കുറിയും മാജിക് ആവര്‍ത്തിച്ചെന്നും, മോഹന്‍ലാലിന്റെ കരിയറിലെ അടുത്ത വമ്പന്‍ ഇന്‍ഡസ്ട്രി ഹിറ്റാകും ദൃശ്യം 3 എന്നുമാണ് പ്രാഥമിക വിലയിരുത്തലുകള്‍.
റിലീസ് ദിനത്തില്‍തന്നെ ബോക്‌സ് ഓഫീസിനെ വിറപ്പിക്കുന്ന പ്രകടനവുമായി ദൃശ്യം 3 മുന്നേറുമ്പോള്‍, മോഹൻലാലിന്റെ പിറന്നാള്‍ ദിനം തിയറ്ററുകളില്‍ വലിയൊരു ഉത്സവമായി മാറി.