ദിലീപും കൃഷ്ണദാസ് മുരളിയും ഒന്നിക്കുന്നു; നിർമാണം തരുൺമൂർത്തി?

ദിലീപ്,തരുൺമൂർത്തി,കൃഷ്ണദാസ് മുരളി
ദിലീപ്,തരുൺമൂർത്തി,കൃഷ്ണദാസ് മുരളിഫോട്ടോ-അറേഞ്ച്ഡ്
Published on

മലയാള സിനിമയില്‍ വലിയ ബഹളങ്ങളില്ലാതെവന്ന് തിയേറ്ററുകളെയും ഒടിടിയെയും ഒരേപോലെ ലഹരിപിടിപ്പിച്ച ചിത്രമായിരുന്നു 'ഭരതനാട്യം 2: മോഹിനിയാട്ടം'. ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയപ്പോള്‍, സിനിമാ പ്രേമികള്‍ ഒന്നടങ്കം തിരഞ്ഞത് ഒരു പേരാണ് കൃഷ്ണദാസ് മുരളി. ഒരു നവാഗതന്റെ ഭയമില്ലാതെ വെള്ളിത്തിരയില്‍ മാജിക് കാണിച്ച സംവിധായകന്‍ തന്റെ അടുത്ത വലിയ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നാണ് മോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത.

Must Read
'വിധിക്കപ്പുറം' ഗൗരവക്കാരനായി ദിലീപ്; 'നീക്കം' ഫസ്റ്റ് ലുക്ക് പുറത്ത്
ദിലീപ്,തരുൺമൂർത്തി,കൃഷ്ണദാസ് മുരളി

ദിലീപ് നായകനാകുന്ന വമ്പന്‍ പ്രോജക്ടിനായുള്ള ചര്‍ച്ചകളിലാണ് കൃഷ്ണദാസ് മുരളി ഇപ്പോള്‍. സിനിമയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം, ചിത്രത്തിന്റെ അണിയറയില്‍ മറ്റൊരു അദ്ഭുത കൂട്ടുകെട്ട് കൂടി രൂപപ്പെടുന്നുണ്ട്. ഈ ചിത്രത്തെ കൂടുതല്‍ ആകാംക്ഷാഭരിതമാക്കുന്നത് ഇതിന്റെ നിര്‍മാതാവിന്റെ പേരാണ്. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക', ഒടുവില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന 'തുടരും' എന്നീ ചിത്രങ്ങളിലൂടെ ബ്രാന്‍ഡ് നെയിമായി മാറിയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഈ ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.

ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിയാല്‍ തരുണ്‍ മൂര്‍ത്തി സ്വതന്ത്ര നിര്‍മാതാവായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമായി ഇതു മാറും. നിലവില്‍ തിരക്കഥാ രചന പുരോഗമിക്കുന്നതേയുള്ളൂ എങ്കിലും, മോളിവുഡിലെ മൂന്ന് വ്യത്യസ്ത ചിന്താഗതിക്കാരായ പ്രതിഭകള്‍ ഒന്നിക്കുന്നു എന്നത് ഇന്‍ഡസ്ട്രിയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

കൃഷ്ണദാസ് മുരളി 'ഭരതനാട്യം' ഷൂട്ടിങ്ങിനിടെ
കൃഷ്ണദാസ് മുരളി 'ഭരതനാട്യം' ഷൂട്ടിങ്ങിനിടെ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

നിലവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് തുടരുന്ന 'മോഹിനിയാട്ടം' വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണിത്. ഇതിന്റെ വന്‍ വിജയത്തിനു പിന്നാലെ പ്രമുഖ നിര്‍മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസുമായി കൃഷ്ണദാസ് ഒരു ചിത്രം കരാര്‍ ചെയ്തിരുന്നു. എന്നാല്‍, ദിലീപുമായി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന പ്രോജക്ട് ഗോകുലം മൂവീസിന്റെ ചിത്രമല്ലെന്നും തികച്ചും സ്വതന്ത്രമായ മറ്റൊരു ബിഗ് കാന്‍വാസ് സിനിമയായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

'നീക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
'നീക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ 'ഭ ഭ ബ' എന്ന ചിത്രത്തിന് ശേഷം ദിലീപ് തന്റെ കരിയറിലെ ഏറ്റവും മികച്ച ലൈനപ്പുകളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രം റിലീസിനായി കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന് പുറമെ 'ഷൈലോക്ക്' ഫെയിം ബിബിന്‍ മോഹന്‍ തിരക്കഥയൊരുക്കി, നവാഗതനായ സജീവ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദിലീപ് ഉടന്‍ പങ്കാളിയാകും.

ദിലീപിന്റെ ജനപ്രിയ ശൈലിയും, മറുവശത്ത് കൃഷ്ണദാസ് മുരളിയുടെ ഡാര്‍ക്ക് ഹ്യൂമര്‍ മേക്കിങ് രീതിയും, ഒപ്പം തരുണ്‍ മൂര്‍ത്തിയുടെ ക്രാഫ്റ്റും ചേരുമ്പോള്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിനുണ്ടാകും എന്ന് ഉറപ്പാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

Pappappa
pappappa.com