

യുവതാരം സന്ദീപ് പ്രദീപ് നായകനാവുന്ന ഫാന്റസി അഡ്വഞ്ചര്‍ സൂപ്പര്‍ഹീറോ ചിത്രം 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ചൊവ്വാഴ്ചയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് റിലീസ് തിയതി പുറത്തുവിട്ടത്.
ജയസൂര്യ നായകനായ 'ജോണ്‍ ലൂഥര്‍' എന്ന ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ഒരുക്കിയ അഭിജിത്ത് ജോസഫ് ആണ് 'കോസ്മിക് സാംസണ്‍' സംവിധാനം ചെയ്തിരിക്കുന്നത്. അഭിജിത്ത് ജോസഫും അഭികേര്‍ഷ് വസന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹീറോ ചിത്രമായ 'മിന്നല്‍ മുരളി'യുടെ നിർമാതാക്കളായ, സോഫിയ പോളിന്റെ 'വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്' ബാനറും ഡി ഗ്രൂപ്പിന്റെ മാനുവല്‍ ക്രൂസ് ഡാര്‍വിനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സന്ദീപ് പ്രദീപ് വ്യത്യസ്തനായ സൂപ്പര്‍ഹീറോ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, വിഎഫ്എക്‌സിനും ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് ടീസര്‍ വ്യക്തമാക്കുന്നു.
'മിന്നല്‍ മുരളി'യിലൂടെ ശ്രദ്ധേയനായ പ്രശസ്ത ആക്ഷന്‍ ഡയറക്ടര്‍ വ്ലാഡ് റിംബര്‍ഗ് ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. സന്ദീപ് പ്രദീപിന് പുറമെ മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോണ്‍സ് പുത്രന്‍, അനുരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിബി മാത്യു അലക്‌സ് സംഗീതവും ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.