

ആകാശം മുട്ടിനില്കുന്ന ഒരു കെട്ടിടത്തിന്റെ ടെറസിൽ 'ഇൻ ഹരിഹർ നഗറി'ലെ 'ഏകാന്ത ചന്ദ്രികേ..' എന്ന പാട്ടുകേട്ട് നിലാവും നക്ഷത്രങ്ങളും നോക്കിയിരിക്കുന്ന ഒരു ചെറുപ്പക്കാരൻ. പെട്ടെന്ന് അപ്പന്റെ ഫോൺവരുന്നു. മണി പതിനൊന്നുകഴിഞ്ഞു, നീ എവിടെയാ എന്ന അപ്പന്റെ ചോദ്യത്തിന് ഞാൻ പാട്ടുകേട്ട് ചിൽ ചെയ്തിരിക്കുകയാണ് എന്ന് മകന്റെ മറുപടി. വേഗം വീട്ടിലേക്ക് വരാൻ അപ്പന്റെ കല്പന. അതുകേട്ട് അവന് ചെയ്തതെന്തെന്നും അതിനുശേഷം സംഭവിച്ചതെന്തെന്നും അറിയണമെങ്കിൽ കോസ്മിക് സാംസണിന്റെ കർട്ടൻ റെയ്സർ കാണണം.
മലയാളികൾക്കൊരു ദേശി സൂപ്പർ ഹീറോയുമായി വരികയാണ് 'മിന്നൽ മുരളി'യുടെ നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താമത് ചിത്രമായ 'കോസ്മിക് സാംസൺ'. 'എക്കോ'യിലൂടെ സൂപ്പർതാരനിരയിലേക്കുയർന്ന സന്ദീപ് പ്രദീപ് നായകനാകുന്ന ഈ ചിത്രം ഒരു മലയാളി സ്പൈഡർമാനെയോ സൂപ്പർമാനെയോ ആകും സമ്മാനിക്കുകയെന്ന സൂചനയാണ് ഒരുമിനിറ്റ് 25സെക്കന്റുള്ള കർട്ടൻ റെയ്സർ വീഡിയോ തരുന്നത്. സന്ദീപിന്റെ അപ്പന്റെ കഥാപാത്രം മുകേഷ് ആണ് എന്നും ഇതിലെ ശബ്ദത്തിൽ നിന്ന് വ്യക്തമാകുന്നു.
ജയസൂര്യ ചിത്രം 'ജോണ്‍ ലൂഥറി'ന് ശേഷം അഭിജിത്ത് ജോസഫ് ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മിയ ജോര്‍ജ്, അല്‍ഫോണ്‍സ് പുത്രന്‍, അല്‍ത്താഫ് സലിം തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളാകുന്നു. അഭിജിത്ത് ജോസഫും അഭികേര്‍ഷ് വസന്തും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളും മാനുവല്‍ ക്രൂസ് ഡാര്‍വിന്റെ ഡി ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മാണം. മലയാളത്തിനുപുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
മുൻവാതിലിലൂടെ ഒളിഞ്ഞുനോക്കിനില്കുന്ന ഡെലിവറി ബോയ് ആയിട്ടാണ് സന്ദീപ് കോസ്മിക് സാംസൺ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ 'എക്കോ'യ്ക്ക് ശേഷം സന്ദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഹോളിവുഡ് സ്റ്റണ്ട് ഇതിഹാസം വ്ലാഡ് റിംബര്‍ഗ ആണ്. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും സിബി മാത്യു അലക്‌സ് സംഗീതവും നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോയാണ് ചിത്രസംയോജനം. സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- സൗണ്ട് ഫാക്ടർ, ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആരിഷ് അസ്ലം, പ്രൊഡക്ഷൻ ഡിസൈൻ- ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം- ധന്യ ബാലകൃഷ്ണൻ, ആർട്ട്- റോസ്മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,കണ്ടന്റ് ഹെഡ്-ലിൻസി വർഗീസ്,മേക്കപ്പ്- ഷാജി പുൽപ്പള്ളി,വിഎഫ്എക്സ്-എഗ് വൈറ്റ് വിഎഫ്ക്സ്,മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്,ഐ വിഎഫ്എക്സ്, പ്രോജക്ട് ഡിസൈൻ-സെഡിൻ പോൾ, കെവിൻ പോൾ പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്ത്സ്,ആനിമേഷൻ-യൂനോയിൻസ്.
കഴിഞ്ഞ വർഷം തിരുവോണ ദിനത്തിൽ പ്രൊമോ വീഡിയോയിലൂടെ ആയിരുന്നു വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് പത്താമത് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സോഫിയാ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് മലയാളികൾക്ക് മിന്നൽ മുരളി, ആർഡിഎക്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിട്ടുണ്ട്.