

മലയാള സിനിമയുടെ കലാപരമായ കരുത്ത് രാജ്യാന്തര വേദിയിൽ ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഭ്രമയുഗം', ലോകസിനിമയുടെ തലസ്ഥാനമായ ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 12-നാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഈ സ്ക്രീനിങ് നടക്കുക. അക്കാദമി മ്യൂസിയം സംഘടിപ്പിക്കുന്ന ‘Where the Forest Meets the Sea’ എന്ന പ്രത്യേക ചലച്ചിത്ര വിഭാഗത്തിലേക്കാണ് ഭ്രമയുഗം തെരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള നാടോടിക്കഥകളെയും മിത്തുകളെയും ആസ്പദമാക്കി നിർമിച്ച സിനിമകളുടെ ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ ചിത്രമെന്ന സവിശേഷതയും ഭ്രമയുഗത്തിനുണ്ട്.
ലോകപ്രശസ്ത ഹൊറർ സിനിമകളായ ‘മിഡ്സോമ്മർ’ (2019), ‘ദി വിച്ച്’ (2015), ‘ദി വിക്കർ മാൻ’ (1973) തുടങ്ങിയ ചിത്രങ്ങൾക്കൊപ്പമാണ് ഭ്രമയുഗവും പ്രദർശിപ്പിക്കപ്പെടുന്നത്. സിനിമയിലെ ശ്രദ്ധേയമായ രംഗങ്ങൾ ഉൾപ്പെടുത്തി അക്കാദമി മ്യൂസിയം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പങ്കുവെച്ചത് ഈ നേട്ടത്തിന് ഇരട്ടി മധുരമേകുന്നു. മലയാള സിനിമയുടെ സാങ്കേതിക തികവിനും ക്രിയാത്മകതയ്ക്കും ആഗോളതലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി ഈ പ്രദർശനം വിലയിരുത്തപ്പെടുന്നു.
പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഭ്രമയുഗം, അതിന്റെ പരീക്ഷണാത്മകമായ ആഖ്യാനശൈലി കൊണ്ടും മമ്മൂട്ടിയുടെ അസാമാന്യ പ്രകടനം കൊണ്ടും ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അന്താരാഷ്ട്ര നിരൂപകർ ഉൾപ്പെടെ പുകഴ്ത്തിയിരുന്നു. താൻ കേട്ടുവളർന്ന നാടൻ കഥകളിൽ നിന്നും ഭയങ്ങളിൽ നിന്നുമാണ് ഈ ചിത്രം പിറവികൊണ്ടതെന്നാണ് സംവിധായകൻ രാഹുൽ സദാശിവൻ പറഞ്ഞത്.