

തിയേറ്ററുകളെ ചിരിപ്പറമ്പാക്കിയ സൈജു കുറുപ്പിന്റെ "ഭരതനാട്യം 2: മോഹിനിയാട്ടം' ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ചിത്രം മാറി. തിയേറ്ററിലെ വമ്പൻ വിജയത്തിനു പിന്നാലെ നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം അവിടെയും ചരിത്രം കുറിക്കുകയാണ്. സ്ട്രീമിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്താൻ മോഹിനിയാട്ടത്തിനു കഴിഞ്ഞു. ഒടിടി പ്രേക്ഷകർക്കിടയിലും ചിത്രത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
സൈജു കുറുപ്പിന്റെ അഭിനയ ജീവിതത്തിലെ 150-ാമത്തെ ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. സൈജുവും സുരാജ് വെഞ്ഞാറമൂടും സ്ക്രീനിൽ ഒന്നിച്ചെത്തിയപ്പോഴുള്ള കെമിസ്ട്രിയാണ് സിനിമയുടെ നട്ടെല്ല്. ആദ്യ ഭാഗത്തെക്കാൾ മികച്ച തിരക്കഥയും ആവിഷ്കാരവുമാണ് രണ്ടാം ഭാഗത്തിന്റേതെന്ന് പ്രേക്ഷകർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.
കൃഷ്ണദാസ് മുരളിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രത്തിൽ ജഗദീഷ്, വിനയ് ഫോർട്ട്, കമലാരഞ്ജിനി തുടങ്ങിയ വലിയൊരു നിര തന്നെയുണ്ട്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സും ചേർന്നാണു ചിത്രം നിർമിച്ചിരിക്കുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവരാണ് നിർമാതാക്കൾ.