

ബോക്സ് ഓഫീസില്‍ ചരിത്ര വിജയങ്ങള്‍ കുറിച്ച് മുന്നേറുന്ന നിവിന്‍ പോളി - മമിത ബൈജു ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' മറ്റൊരു അപൂര്‍വ നേട്ടം കൂടി സ്വന്തമാക്കി. പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിലൂടെ മാത്രം 55 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റഴിച്ചതായി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ കേരള ബോക്സ് ഓഫീസിലെ എക്കാലത്തെയും വലിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിട്ടുണ്ട്. യുവാക്കളെയും കുടുംപ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചു എന്നതാണ് ബുക്ക് മൈ ഷോയിലെ ഈ റെക്കോര്‍ഡ് വില്പന വ്യക്തമാക്കുന്നത്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോകളുമായി ഇപ്പോഴും മുന്നേറുകയാണ്. കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത ചിത്രത്തിലെ ഹാസ്യരംഗങ്ങളും നിവിന്‍ പോളി-മമിത കൂട്ടുക്കെട്ടിന്റെ കെമിസ്ട്രിയുമാണ് സിനിമയുടെ വിജയത്തിനുപിന്നിലെ പ്രധാന ഘടകം.
സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്‍, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍,മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലിഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.