

ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പമുള്ള 'അതിരടി'ക്കായി ബേസിൽ ജോസഫ് നടത്തിയ ശാരീരികമാറ്റങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിലെ 'സാംകുട്ടി' അഥവാ 'സാം ബോയ്' എന്ന കോളജ് വിദ്യാര്‍ഥിയെ അവതരിപ്പിക്കാനായി 15 കിലോ ഭാരമാണ് ബേസില്‍ കുറച്ചത്. ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ കഠിന പരിശ്രമത്തെക്കുറിച്ചു മനസുതുറന്നത്.
'വെറുതെ താടി വടിച്ചിട്ട്, ഞാന്‍ കോളജ് പയ്യനാണെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ എനിക്ക്, പ്രായത്തെ വെല്ലുന്ന രീതിയില്‍ വിദ്യാര്‍ഥിയായി സ്‌ക്രീനില്‍ എത്തുക വലിയ വെല്ലുവിളിയായിരുന്നു. ഇതിനായി കഴിഞ്ഞ പത്തുമാസമായി കൃത്യമായ ഡയറ്റും ദിവസേന രണ്ട് മണിക്കൂര്‍ നീളുന്ന വര്‍ക്കൗട്ടും പിന്തുടര്‍ന്നു. 34 ആയിരുന്ന ട്രൗസര്‍ സൈസ് ഇപ്പോള്‍ 28-ല്‍ എത്തി. 75 കിലോയില്‍ നിന്ന് 60 കിലോയിലേക്കാണ് എത്തിയത്.'-ബേസില്‍ പറഞ്ഞു.
'പൊന്‍മാന്‍', 'സൂക്ഷ്മദര്‍ശിനി' തുടങ്ങിയ സിനിമകള്‍ക്കു ശേഷം പ്രേക്ഷകര്‍ക്കു തന്നിലുള്ള പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ടെന്ന് ബേസില്‍ തിരിച്ചറിയുന്നു. അതുകൊണ്ട്, കഥാപാത്രത്തിനു വേണ്ടി പരമാവധി പരിശ്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു താരം. തന്റെ ജീവിതത്തിലെ രണ്ടു വര്‍ഷത്തോളമാണ് ചിത്രത്തിനായി ബേസില്‍ മാറ്റിവച്ചത്. കണ്ടവര്‍ക്കെല്ലാം തന്നെ കോളജ് പയ്യനായി തോന്നി എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന 'അതിരടി' മേയ് 14-നാണ് തിയേറ്ററുകളിലെത്തുന്നത്. ആക്ഷനും ആഘോഷവും നിറഞ്ഞ പക്കാ ക്യാമ്പസ് എന്റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.