

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്ലര് പാര്‍ട്ടി ദ്യു'(D'eux)-ലെ എന്ന ചിത്രത്തിലെ യുവതാരം നസ്ലിന്റെ പുതിയ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ 'സോണി' എന്ന കഥാപാത്രത്തെയാണ് നസ്ലിന് അവതരിപ്പിക്കുന്നത്. ഇരു കൈയിലും തോക്കുമായി സ്റ്റൈലിഷ് ലുക്കില്‍ നില്ക്കുന്ന നസ്ലിന്റെ രണ്ട് പോസ്റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. 2012-ല്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'ബാച്ചിലര്‍ പാര്‍ട്ടി'യുടെ സ്പിരിച്വല്‍ സീക്വല്‍ ആയാണ് ചിത്രം എത്തുന്നത്.
നവംബര്‍ 19-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നസ്ലിന് പുറമെ കുഞ്ചാക്കോ ബോബന്, സൗബിന് ഷാഹിര്‍, ഷറഫുദ്ദീന്, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാര്‍, ഷൈന്‍ ടോം ചാക്കോ, പാരീസ് ലക്ഷ്മി, നദിയ മൊയ്തു, രജിഷ വിജയന്, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ടൊവിനോ തോമസും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും വിവേക് ഹര്ഷന് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ഉണ്ണി ആര് ആണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.