

ചലച്ചിത്രാസ്വാദകരെ ആവേശത്തിലാഴ്ത്തി ടൊവിനോ തോമസും ബേസില്‍ ജോസഫും ഒന്നിച്ചെത്തിയ 'അതിരടി' ബോക്‌സ് ഓഫീസില്‍ തരംഗമാവുന്നു. 2026-ലെ മലയാള സിനിമയിലെ ഏറ്റവും മികച്ച ഓപ്പണിങ്ങുകളിലൊന്നായി മാറിയ ചിത്രം ആദ്യദിനം തന്നെ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചിരിക്കുകയാണ്.
മേയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ കാമ്പസ് ആക്ഷന്‍ ചിത്രം മലയാള സിനിമയ്ക്കു വലിയൊരു കുതിപ്പാണു നല്‍കിയത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ആദ്യദിനം ഇന്ത്യയില്‍ നിന്ന് 6.07 കോടി രൂപയാണു ചിത്രം സ്വന്തമാക്കിയത്. ഇതില്‍ പെയ്ഡ് പ്രിവ്യൂകളില്‍ നിന്നുള്ള 52 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 7.04 കോടി പിന്നിട്ടു. വിദേശ വിപണികളില്‍നിന്ന് 3.50 കോടി രൂപ സ്വന്തമാക്കിയതോടെ ആഗോളതലത്തില്‍ ആദ്യദിനം തന്നെ 10.54 കോടി രൂപ നേടാന്‍ 'അതിരടി'ക്കായി.
ചിത്രത്തിന്റെ പ്രൊമോഷനുകളില്‍ ബേസിലും ടൊവിനോയും തമ്മിലുള്ള രസകരമായ സൗഹൃദം വലിയ ചര്‍ച്ചയായിരുന്നു. ഈ ആവേശം തിയറ്ററുകളിലും പ്രതിഫലിക്കുന്നുണ്ട്. അഡ്വാന്‍സ് ബുക്കിങ്ങിൽ മാത്രം 2.78 കോടി രൂപ നേടിയ ചിത്രം, ആദ്യ ഷോയ്ക്ക് ശേഷം മികച്ച അഭിപ്രായങ്ങള്‍ വന്നതോടെ വൈകുന്നേരത്തെ ഷോകളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കാമ്പസുകളിലെ ആഘോഷവും ആക്ഷനും കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ടതാണ് ഈ വിജയത്തിന് പിന്നില്‍.
കോളേജ് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തില്‍ ബേസിലിന്റെ സാംകുട്ടിയും ടൊവിനോയുടെ മാസ് കഥാപാത്രമായ ശ്രീക്കുട്ടന്‍ വെള്ളായണിയും തമ്മിലുള്ള സംഘര്‍ഷമാണു ചിത്രം പറയുന്നത്. നര്‍മവും ആക്ഷനും വൈകാരിക നിമിഷങ്ങളും ഇഴചേര്‍ത്തുള്ള അവതരണം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. മിന്നല്‍ മുരളി, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ അനിരുദ്ധന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ബേസില്‍ ജോസഫിന്റെ നിര്‍മാണ സംരംഭമായ ചിത്രം ഡോ. അനന്തു എന്റര്‍ടയ്ന്‍മെന്റ്സുമായി ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, സമീര്‍ താഹിര്‍ എന്നിവരും നിര്‍മാണ പങ്കാളികളാണ്.
വിനീത് ശ്രീനിവാസന്റെ സാന്നിധ്യത്തിനൊപ്പം വിഷ്ണു അഗസ്ത്യ, സറിന്‍ ഷിഹാബ്, റിയ ഷിബു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വരാനിരിക്കുന്ന വാരാന്ത്യത്തിലും ചിത്രം വലിയ നേട്ടങ്ങള്‍ കൊയ്യുമെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.