
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ്,ജനറൽ സെക്രട്ടറിസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി രണ്ട് സ്ത്രീകൾ മത്സരിക്കുന്നു. പ്രസിഡന്റാകാൻ ശ്വേതമേനോനും ജനറൽ സെക്രട്ടറിയാകാൻ കുക്കുപരമേശ്വരനുമാണ് രംഗത്ത്. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവൻ ആണ് ശ്വേതയുടെ എതിരാളി. കുക്കുവിനെതിരേ മത്സരിക്കുന്നത് രവീന്ദ്രനാണ്. വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കും കടുത്ത മത്സരമാണ്. ജയൻ ചേർത്തല,ലക്ഷ്മി പ്രിയ,നാസർ ലത്തീഫ് എന്നിവരാണ് സ്ഥാനാർഥികൾ. ട്രഷററാകാൻ അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിലാണ് മത്സരം.
ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പതിമൂന്ന് പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ പന്ത്രണ്ടുപേരും പിന്മാറിയതിനെത്തുടർന്നാണ് അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്കിയ നവ്യനായരും പിന്മാറി.
വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച സ്ഥാനാർഥിപ്പട്ടികയ്ക്കൊടുവിലാണ് മത്സര ചിത്രം തെളിഞ്ഞത്. പ്രസിഡന്റ്,ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ജഗദീഷ്,ബാബുരാജ് എന്നിവർ പത്രിക നല്കിയിരുന്നു. ഇതേത്തുടർന്ന് അഭിനേതാക്കളിൽ പലരും ഭിന്നാഭിപ്രായങ്ങളുമായി രംഗത്തുവന്നു. തുടർന്ന് ജഗദീഷും ബാബുരാജും പിന്മാറി. അമ്മയിലെ സംഘടനാപ്രവർത്തനം എന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചായിരുന്നു ബാബുരാജിന്റെ പിന്മാറ്റം. പ്രസിഡന്റ് സ്ഥാനത്തേക്ക് ജോയ് മാത്യുവും പത്രിക നല്കിയിരുന്നു. പക്ഷേ അത് തള്ളി. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് അദ്ദേഹം മത്സരരംഗത്തുണ്ട്.
കഴിഞ്ഞ തവണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിനെതിരേ മത്സരിച്ച കുക്കുപരമേശ്വരൻ വെറും 34 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. സിദ്ദിഖ് 157 വോട്ട് നേടിയപ്പോള്‍ കുക്കുപരമേശ്വരന് 123 വോട്ടും ഉണ്ണി ശിവപാലിന് 56 വോട്ടും കിട്ടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മൂന്നുപേരില്‍ ജഗദീഷ് 245 വോട്ടും ജയന്‍ ചേര്‍ത്തല 215 വോട്ടും നേടി. മഞ്ജുപിള്ളയ്ക്ക് 137 വോട്ടാണ് കിട്ടിയത്. ജോയന്റ് സെക്രട്ടറി തിരഞ്ഞെടുപ്പില്‍ ബാബുരാജ്(198 വോട്ട്)അനൂപ് ചന്ദ്രനെയാണ്(138വോട്ട്)പരാജയപ്പെടുത്തിയത്. 506 അംഗങ്ങളിൽ കഴിഞ്ഞ തവണ 336 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.