
നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യൂട്യൂബ് ചാനൽ തുടങ്ങി. 'വെള്ളിത്തിര' എന്നാണ് പേര്. കേന്ദ്രമന്ത്രി കൂടിയായ നടൻ സുരേഷ് ഗോപിയുടെ ആശംസാവീഡിയോ ആണ് ആദ്യം ഇതിലൂടെ പുറത്തുവന്നത്. നടൻ മധുവുമായി ജഗദീഷ് നടത്തുന്ന അഭിമുഖത്തിന്റെ ടീസറും 'വെള്ളിത്തിര'യിലെത്തിയിട്ടുണ്ട്.
അഭിമുഖങ്ങളും റൗണ്ട് ടേബിൾ ചർച്ചകളും സിനിമയിലെ അണിയറപ്രവർത്തകരുടെ കഥകളുമെല്ലാം യൂട്യൂബ് ചാനലിലുണ്ടാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ചലച്ചിത്രരംഗത്തെ വാർത്തകളും വിശേഷങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്ന പുതിയൊരു വേദിയായിട്ടാണ് വെള്ളിത്തിരയെ നിർമാതാക്കൾ രൂപകല്പന ചെയ്തിട്ടുള്ളതെന്ന് സുരേഷ് ഗോപി ആശംസയിൽ പറയുന്നു. പുതുതായി ചലച്ചിത്രനിർമാണരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയാകും ഇതെന്നും അദ്ദേഹം പറഞ്ഞു.
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. മുമ്പ് 'വെള്ളിത്തിര' എന്ന പേരില്‍ അസോസിയേഷന്‍ ഒരു മാസിക പുറത്തിറക്കിയിരുന്നു. ടി.ഇ.വാസുദേവനെപ്പോലെയുള്ള മുതിര്‍ന്ന നിര്‍മാതാക്കള്‍ നേതൃനിരയിലുണ്ടായിരുന്ന കാലത്തായിരുന്നു തുടക്കം. അത് പിന്നീട് നിര്‍ത്തി. അഭിമുഖങ്ങൾക്കും ചർച്ചകൾക്കുമൊപ്പം നിര്‍മാതാക്കളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതിനും അസോസിയേഷന്റെ ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തിറക്കുന്നതിനുമായാണ് യൂട്യൂബ് ചാനലിലൂടെ 'വെള്ളിത്തിര'യെ പുനരവതരിപ്പിക്കുന്നത്. ചില യൂട്യൂബ് ചാനലുകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഔദ്യോഗികചാനലെന്ന നിലയില്‍ തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യംകൂടി ഇതിന് പിന്നിലുണ്ട്.
സിനിമകളുടെ ലാഭനഷ്ടക്കണക്കുകള്‍ എല്ലാമാസവും യൂട്യൂബ് ചാനലിലൂടെ പുറത്തുവിടാനും ആദ്യം ഉദ്ദേശിച്ചിരുന്നു. ഫെബ്രുവരിയിലെ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് ലോഞ്ചിങ് നടത്താനായിരുന്നു തീരുമാനം. പക്ഷേ പിന്നീട് അതുമാറ്റി. താരങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചിത്രങ്ങളും നിര്‍മാണച്ചെലവും വരുമാനവും പുറത്തിറക്കാനുള്ള തീരുമാനമെടുത്തത്. ജനുവരി മാസത്തെ കണക്കുകള്‍ പുറത്തുവിട്ടതിന് പിന്നാലെ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാറുംനിർമാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ തര്‍ക്കം വലിയ വിവാദമായി മാറിയിരുന്നു. മാർച്ചിനുശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ലാഭനഷ്ടക്കണക്കുകൾ പുറത്തുവിട്ടിട്ടില്ല.