
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യെ ഇനി വനിതകൾ നയിക്കും. പ്രസിഡന്റായി ശ്വേതമേനോനും ജനറൽ സെക്രട്ടറിയായി കുക്കുപരമേശ്വരനും തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്ത് സ്ത്രീകൾ എത്തുന്നത്. ജോയന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്മി പ്രിയ കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ നാല് പ്രധാനസ്ഥാനങ്ങളിലും സ്ത്രീകൾ എന്ന പ്രത്യേകത കൂടിയുണ്ട് പുതിയ ഭരണസമിതിക്ക്.
ദേവനെ തോല്പിച്ചാണ് ശ്വേത പ്രസിഡന്റായത്. രവീന്ദ്രനെതിരെയായിരുന്നു കുക്കുവിന്റെ വിജയം. ജയൻ ചേർത്തലയാണ് മറ്റൊരു വൈസ്പ്രസിഡന്റ്. നാസർ ലത്തീഫാണ് പരാജയപ്പെട്ടത്. അനൂപ് ചന്ദ്രനെ തോല്പിച്ച് ഉണ്ണി ശിവപാൽ ട്രഷററായി.
എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്: സരയൂ മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു,വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്.
ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പതിമൂന്ന് പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ പന്ത്രണ്ടുപേരും പിന്മാറിയതിനെത്തുടർന്നാണ് അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്കിയ നവ്യനായരും പിന്മാറിയിരുന്നു.
പ്രസിഡന്റ്,ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ജഗദീഷ്,ബാബുരാജ് എന്നിവർ പത്രിക നല്കിയിരുന്നു. ഇതേത്തുടർന്ന് അഭിനേതാക്കളിൽ പലരും ഭിന്നാഭിപ്രായങ്ങളുമായി രംഗത്തുവന്നു. തുടർന്ന് ജഗദീഷും ബാബുരാജും പിന്മാറി. അമ്മയിലെ സംഘടനാപ്രവർത്തനം എന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചായിരുന്നു ബാബുരാജിന്റെ പിന്മാറ്റം. പ്രസിഡന്റ് സ്ഥാനത്തേക്ക് ജോയ് മാത്യുവും പത്രിക നല്കിയിരുന്നു. പക്ഷേ അത് തള്ളി. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആകെ 258 പേരാണ് ഇത്തവണ വോട്ടുചെയ്തത്. 507 പേർക്കാണ് വോട്ടവകാശമുള്ളത്.