EXCLUSIVE:അടൂർ-മമ്മൂട്ടി-നയൻതാര സിനിമ 23ന് കൊച്ചിയിൽ തുടങ്ങും

അടൂർ,മമ്മൂട്ടി,നയൻതാര
അടൂർ,മമ്മൂട്ടി,നയൻതാരഫോട്ടോ-അറേഞ്ച്ഡ്
Published on

മമ്മൂട്ടിയെ നായകനാക്കി അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം 23ന് കൊച്ചിയിൽ തുടങ്ങും. നയൻതാരയാണ് നായിക. കൊച്ചിക്ക് പുറമേ പൂയംകുട്ടിയും വയനാടുമാണ് മറ്റ് പ്രധാന ലൊക്കേഷനുകൾ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഷഹ്നാദ് ജലാലാണ്.

മലയാളസിനിമയെ മതിലുകൾക്കപ്പുറത്തെത്തിച്ച മഹാപ്രതിഭകൾ ഒരുമിക്കുന്ന വാർത്ത നവംബറിൽ 'പപ്പപ്പ ഡോട് കോമാ'ണ് എക്സ്ക്ലൂസീവായി പുറത്തുവിട്ടത്. തുടർന്ന് അത് സിനിമാലോകത്ത് വലിയ ചർച്ചാവിഷയമായി മാറുകയും ടിവിചാനലുകളിൽ ഉൾപ്പെടെ പ്രധാനവാർത്തയായി നിറയുകയും ചെയ്തു. നയൻതാര ചിത്രത്തിൽ നായികയാകുന്നു എന്നതും പപ്പപ്പയുടെ എക്സ്ക്ലൂസീവായിരുന്നു.

Must Read
EXCLUSIVE:അടൂരും മമ്മൂട്ടിയും വീണ്ടും,നിർമാണം മമ്മൂട്ടികമ്പനി
അടൂർ,മമ്മൂട്ടി,നയൻതാര

32വർഷത്തിനുശേഷമാണ് അടൂരും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. 1987-ൽ 'അനന്തരം' എന്ന ചിത്രത്തിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം 'മതിലുകൾ','വിധേയൻ' എന്നീ ചലച്ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി അടൂർ സംവിധാനം ചെയ്തു. 'മതിലുകളി'ൽ വൈക്കം മുഹമ്മദ് ബഷീറിന്റെയും 'വിധേയനി'ൽ ഭാസ്കരപട്ടേലർ എന്ന ജന്മിയുടെയും കഥാപാത്രങ്ങളായിരുന്നു മമ്മൂട്ടിക്ക്. 1989-ൽ 'മതിലുകളി'ലൂടെയും 1994-ൽ 'വിധേയനി'ലൂടെയും മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. 'വിധേയന്' അദ്ദേഹത്തിന് സംസ്ഥാന അവാർഡും ലഭിച്ചു.

മമ്മൂട്ടിയും എം.ആർ.​ഗോപകുമാറും 'വിധേയനി'ൽ
മമ്മൂട്ടിയും എം.ആർ.​ഗോപകുമാറും 'വിധേയനി'ൽഫോട്ടോ-അറേഞ്ച്ഡ്

നവംബറിൽ സംസ്ഥാനസർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ മമ്മൂട്ടി അടൂരിനെയും മധുവിനെയും സന്ദർശിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ദീർഘകാലമായി അടൂരിന്റെ മനസ്സിലുണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച തീരുമാനമായി. തുടർന്നാണ് സിനിമയ്ക്കായുള്ള ആലോചനകൾക്ക് തുടക്കമായത്. 2016-ൽ ദിലീപ്,കാവ്യാമാധവൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയ 'പിന്നെയും' ആണ് അടൂർ ഒടുവിൽ സംവിധാനം ചെയ്ത സിനിമ. ഒരു ദശാബ്ദത്തിനുശേഷം സംവിധാനരം​ഗത്തേക്കുള്ള അടൂരിന്റെ മടങ്ങിവരവ് കൂടിയാണ് മമ്മൂട്ടിക്കൊപ്പമുള്ള സിനിമ.

ഷഹനാദ് ജലാൽ
ഷഹനാദ് ജലാൽഫോട്ടോ-അറേഞ്ച്ഡ്

ഛായാ​ഗ്രാഹകൻ ഉൾപ്പെടെ യുവതലമുറയിൽ നിന്നുള്ളവരാണ് ഇക്കുറി അടൂരിനൊപ്പം. ഭ്രമയു​ഗം,ഭൂതകാലം,ഡയസ് ഈറെ തുടങ്ങിയവ പകർത്തിയ ക്യാമറാമാനാണ് സംസ്ഥാന അവാർഡ് ജേതാവുകൂടിയായ ഷഹനാദ് ജലാൽ.  2010-ൽ 'ചിത്രസൂത്രം' എന്ന സിനിമയിലൂടെ തന്നെ ഷഹനാദ് പുരസ്കാരം സ്വന്തമാക്കി. അടൂരിന്റെ സ്ഥിരം ക്യാമറാമാനായിരുന്ന മങ്കട രവിവർമയുൾപ്പെടെയുള്ളവർ ഈ ലോകത്തോട് യാത്രപറഞ്ഞു കഴിഞ്ഞു. അങ്ങനെ 84-ാം വയസ്സിൽ മലയാളസിനിമയിലെ പുതുതലമുറയ്ക്കൊപ്പം കൈകോർക്കുകയാണ് അടൂർ. മമ്മൂട്ടിയും നയൻതാരയും പ്രധാനകഥാപാത്രങ്ങളാകുന്നതോടെ അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും താരപരിവേഷമുള്ള സിനിമയാകും ഇത്.

Related Stories

No stories found.
Pappappa
pappappa.com