'ലോക'മുതൽ 'ഒജി' വരെ... ബോക്സ് ഓഫീസ് ഞെട്ടിയ 2025

'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര'പോസ്റ്റർ
'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര'പോസ്റ്റർഅറേഞ്ച്ഡ്
Published on

തെന്നിന്ത്യന്‍ സിനിമകളുടെ ഉത്സവകാലമായിരുന്നു 2025. ബോളിവുഡ് സിനിമകളുടെ മേല്‍ക്കോയ്മ വെട്ടിനിരത്തി നിരവധി സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ബോക്‌സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചു. തിയറ്ററുകളിലേക്ക് ഇത്രത്തോളം ചലച്ചിത്രാസ്വാദകര്‍ ഒഴുകിയെത്തിയ കാലവും അടുത്തൊന്നുമുണ്ടായിട്ടില്ല.

കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായ 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര' മലയാളസിനിമയിലെതന്നെ സർവകാല ഹിറ്റ് ആയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് നായികാകേന്ദ്രമായ സിനിമയ്ക്ക് 300 കോടിയിലേറെ കളക്ഷന്‍ ലഭിക്കുന്നത്. മലയാളത്തിലെ ഇന്നേവരെയുണ്ടായതിൽ റെക്കോഡ് കളക്ഷനാണ് 'ലോക:' നേടിയത്. ( മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 3 റിലീസിനുമുമ്പുതന്നെ റൈറ്റ്‌സ് വിറ്റുവരവില്‍ 350 കോടി നേടിയെന്നാണ് അവകാശവാദം. മലയാളത്തിലും ഇന്ത്യന്‍ സിനിമാവ്യവസായത്തിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നായികാചിത്രമാണ് 'ലോക:' ).

Must Read
മലയാള സിനിമ ഇനി ലോകോത്തരം, അഥവാ ലോക നല്കുന്ന ഉത്തരങ്ങൾ
'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര'പോസ്റ്റർ

തെന്നിന്ത്യന്‍ സിനിമ, ഈ വർഷം പതിവു കഥപറച്ചില്‍ രീതിയില്‍നിന്നും സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതില്‍നിന്നും വളരെ മുന്നോട്ടുപോയി എന്നു കാണാന്‍ കഴിയും. ലോ ബജറ്റില്‍ ചിത്രങ്ങള്‍ ചെയ്തിരുന്ന മലയാള സിനിമാവ്യവസായം മാറിയ മാര്‍ക്കറ്റിങ് രീതികള്‍ക്കനുസരിച്ച് ബിഗ് ബജറ്റിലേക്കു മാറുകയും കോടികള്‍ കളക്ഷന്‍ നേടുകയും ചെയ്തു. ആരാധകര്‍ക്ക് ബോളിവുഡ്, ഹോളിവുഡ് സിനിമകള്‍ നല്‍കിയത് തെക്കേയിന്ത്യൻ സിനിമകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു; നിലവാരത്തിലും കഥപറച്ചില്‍ രീതിയിലും.

കാന്തര, ലോക, ഒജി എന്നീ സിനിമകള്‍ തിയറ്ററിലും ഡിജിറ്റല്‍ പ്രദര്‍ശനത്തിലും വന്‍ തരംഗം സൃഷ്ടിച്ചു. തലമുറകളായി ആളുകളുടെ മനസില്‍ ഇടംപിടിച്ച നാടോടിക്കഥകള്‍ ദൃശ്യവത്കരിക്കുന്നതില്‍, പ്രത്യേകിച്ച സാങ്കേതിക മികവോടെ അവതരിപ്പിക്കുന്നതില്‍ സൗത്ത് സിനിമകള്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഇതൊക്കെയാണ് സിനിമകളുടെ വിജയത്തിന്റെ പരമപ്രധാനമായ കാരണം.

'കാന്താര' പോസ്റ്റർ
'കാന്താര' പോസ്റ്റർഅറേഞ്ച്ഡ്

ഋഷഭ് ഷെട്ടിയുടെ കാന്താര

കര്‍ണാടകയിലെ കടംബ രാജവംശത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ ഒരേടാണ് കാന്തരയുടെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. മനുഷ്യ-പ്രകൃതി സംഘര്‍ഷം, സാമൂഹിക അനീതി, അടിച്ചമര്‍ത്തല്‍, വിശ്വാസം, അതിജീവനം തുടങ്ങിയ സാര്‍വത്രിക വിഷയങ്ങള്‍ അഭിസംബോധന ചെയ്ത ചിത്രം നവീനമായ നയനവിസ്മയമായിരുന്നു. ഇത് ഒരു പാന്‍-ഇന്ത്യന്‍ സാംസ്‌കാരിക സ്വാധീനത്തിന് അടിത്തറയിട്ടു. വിശ്വാസത്തിന്റെയും ഗോത്രജീവിതത്തിന്റെയും സംവേദനക്ഷമവും പലപ്പോഴും മറന്നുപോയതുമായ സത്തയെ അഭിസംബോധന ചെയ്യാന്‍ ഋഷഭ് ഷെട്ടി ചിത്രം ശ്രമിച്ചു. കാന്താര ഇന്ത്യയില്‍നിന്ന് 622.04 കോടി രൂപ നേടി. ലോകമെമ്പാടുനിന്നുമുള്ള വരുമാനം 851.89 കോടി രൂപയായിരുന്നു.

'ലോക:'യിൽ കല്യാണി പ്രിയദർശൻ
'ലോക:'യിൽ കല്യാണി പ്രിയദർശൻഫോട്ടോ-അറേഞ്ച്ഡ്

ഒരു പെണ്‍കുട്ടി നയിച്ച ലോകം

പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഒരു വനിതാ സൂപ്പര്‍ഹീറോയെ ആവശ്യമായിരുന്നു. 'ലോക:' യില്‍ ചന്ദ്ര എന്ന കഥാപാത്രത്തിലൂടെ കല്യാണി അതു സാക്ഷാത്കരിച്ചു. തലമുറകളുടെ മനസില്‍ പതിഞ്ഞ യക്ഷിക്കഥകളില്‍നിന്നാണ് ലോകയുടെയും ഉത്ഭവം. നൂറ്റാണ്ടുകളായി നാടോടിക്കഥകളിലും അടിച്ചമര്‍ത്തലിലും വേരൂന്നിയ ഒരു യക്ഷിയുടെ കഥയാണ് ലോക. ഓഗസ്റ്റ് 28 ന് പുറത്തിറങ്ങിയ ചിത്രം എല്ലാ മാനദണ്ഡങ്ങളെയും വെല്ലുവിളിച്ച്, പുരാണാഖ്യാനത്തെ ജനപ്രിയമാക്കി മാറ്റി.

ചിത്രത്തിലെ ടൊവിനോ തോമസിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും അതിഥിവേഷം അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഇളക്കിമറിച്ചു. 'ലോക:' യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍.'ലോക:' അപ്രതീക്ഷിത ബ്ലോക്ക്ബസ്റ്ററായി കണക്കാക്കാമെങ്കിലും, അതിന്റെ കഥപറച്ചില്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ മാറ്റത്തെ രേഖപ്പെടുത്തുന്നതായിരുന്നു.

പവന്‍ കല്യാണിന്റെ ദേ കോള്‍ ഹിം ഒജി പോസ്റ്റർ
'ദേ കോള്‍ ഹിം ഒജി' പോസ്റ്റർഅറേഞ്ച്ഡ്

പവൻമാറ്റ് വിജയം

തെന്നിന്ത്യന്‍ സൂപ്പര്‍താരം പവന്‍ കല്യാണിന്റെ ദേ കോള്‍ ഹിം ഒജി 2025ലെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. താരത്തിന് സമാന്തരമായി രാഷ്ട്രീയ ജീവിതവും നയിക്കുന്ന പവന്‍ കല്യാണിന്റെ ആരാധകര്‍ക്കിടയില്‍ ഒജി മറ്റൊരു ചരിത്രമായി മാറി. സെപ്റ്റംബര്‍ 25ന് പുറത്തിറങ്ങിയ ചിത്രം പവന്‍ കല്യാണിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ചലച്ചിത്രത്താളുകളില്‍ സ്വര്‍ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. മാസ് ആക്ഷന്‍ ചിത്രം പവന്‍ കല്യാണിന്റെ ആരാധകരെ മാത്രമല്ല, ചലച്ചിത്രാസ്വാദകരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു.

വാണിജ്യ, മസാല സിനിമകളുടെയും താരാധിപത്യത്തിന്റെയും ഫോര്‍മുലയിലാണ് ഈ ചിത്രങ്ങളെല്ലാം നിര്‍മിക്കപ്പെട്ടത്. ആരാധകര്‍ക്കായി സൃഷ്ടിച്ച സിനിമ എന്നു വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം. ലോകമെമ്പാടുമായി 290 കോടി രൂപയാണ് ഒജി നേടിയത്. ഇന്ത്യയില്‍നിന്ന് 193.77 കോടി രൂപ നേടി. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്ന് ആകെ 228.64 കോടി രൂപ നേടി.

2025ലെ ഈ ആഗോള ഹിറ്റുകളില്‍ നിന്നുള്ള അടിസ്ഥാന സന്ദേശം, ജനപ്രിയ ചേരുവകളടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളെ പൂരമ്പറാക്കി മാറ്റിയെന്നാണ്. ആരാധകരുടെ മനസ് വായിച്ചറിഞ്ഞ് സൃഷ്ടിച്ചവയാണ് മെഗാഹിറ്റുകള്‍ എന്നു മനസിലാക്കാം. ഹിറ്റുകളുടെ, കോടികളുടെ കണക്കുകളുമായി 2025 അവസാനിക്കുകയാണ്. ദൃശ്യം 3 ഉള്‍പ്പെടെയുള്ള വലിയ പ്രാദേശികചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നു, വലിയ റെക്കോഡുകള്‍ ലക്ഷ്യമിട്ട്..!

Related Stories

No stories found.
Pappappa
pappappa.com