

കെജിഎഫിന്റെ വമ്പന്‍ വിജയത്തിനുശേഷം കന്നഡ സൂപ്പര്‍ താരം യാഷ് നായകനായെത്തിയ പുതിയ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' ബോക്‌സ് ഓഫീസില്‍ പതറുന്നു. മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിയേറ്ററുകൾ കാലിയായിത്തുടങ്ങി.
വലിയ ആവേശത്തോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്നാം ദിനത്തില്‍ ഉത്തരേന്ത്യന്‍ തിയേറ്ററുകളില്‍ നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്. നോയിഡയിലെ ഒരു പ്രമുഖ മള്‍ട്ടിപ്ലക്‌സില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയുടെ ഷോയ്ക്ക് ടിക്കറ്റെടുക്കാന്‍ ഒരാള്‍ പോലും എത്തിയില്ല! തുടര്‍ന്ന് നടന്ന 10.30-ന്റെ പ്രദര്‍ശനത്തിന്, 300 പേര്‍ക്കിരിക്കാവുന്ന തിയേറ്ററിലേക്ക് എത്തിയത് ആകെ അഞ്ചു പ്രേക്ഷകര്‍ മാത്രം!
ആദ്യദിനം ഇന്ത്യയില്‍ നിന്ന് 101.10 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ നേടി ഞെട്ടിക്കുന്ന തുടക്കം കുറിച്ചെങ്കിലും രണ്ടാം ദിവസം മുതല്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് ഗ്രാഫ് താഴേക്ക് കൂപ്പുകുത്തി. വ്യാഴാഴ്ചയിലെ വരുമാനത്തില്‍ 64 ശതമാനത്തിന്റെ കൂറ്റന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടാം ദിനം 36.40 കോടി രൂപ മാത്രമാണ് ചിത്രത്തിനു നേടാനായത്. ആദ്യ രണ്ട് ദിവസങ്ങളിലായി ആകെ 137.50 കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് ചിത്രം സമാഹരിച്ചത്.
ചിത്രത്തിന്റെ മാതൃഭാഷയായ കന്നഡയിലും തമിഴ്, മലയാളം പതിപ്പുകളിലും ചിത്രം വളരെ തണുത്ത പ്രതികരണമാണ് നേടുന്നത്. അതേസമയം ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. റായ, ടിക്കറ്റ് എന്നീ ഇരട്ട വേഷങ്ങളിലാണ് യാഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം കെവിഎന്‍ പ്രൊഡക്ഷന്‍സും യാഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മിച്ചത്.
പ്ലോട്ടിലെ വൈകാരികതയുടെ അഭാവവും അമിതമായ അക്രമരംഗങ്ങളും കാരണം കടുത്ത വിമര്‍ശനങ്ങളാണ് പ്രേക്ഷകരില്‍നിന്നും നിരൂപകരില്‍നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്.