വീണ്ടും 'ടോക്‌സിക്' വിവാദം;100 ദിവസത്തെ റീ ഷൂട്ട്?വാർത്ത നിഷേധിച്ച് നിര്‍മാതാക്കള്‍

'ടോക്സിക്കി'ൽ യാഷ്
'ടോക്സിക്കി'ൽ യാഷ്ഫോട്ടോ-അറേഞ്ച്ഡ്
Published on

കന്നഡ സിനിമാലോകത്തുനിന്നെത്തി ഇന്ത്യന്‍ ബോക്സ് ഓഫീസിനെ ഒന്നടങ്കം കീഴടക്കിയ യാഷിന്റെ അടുത്ത ചിത്രം ഏതായിരിക്കും എന്ന ചോദ്യത്തിന് 'ടോക്സിക്' എന്ന ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് ചില ആശങ്കാജനകമായ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

Must Read
​ടോക്സിക്കിലെ ​ഗീതുവിന്റെ 'പെൺനോട്ട'ത്തെ പ്രശംസിച്ച് യാഷ്
'ടോക്സിക്കി'ൽ യാഷ്

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ചില സുപ്രധാന രംഗങ്ങളില്‍ നായകന്‍ യാഷിന് തൃപ്തിയില്ലാത്തതിനാല്‍ നൂറ് ദിവസത്തോളം നീളുന്ന റീഷൂട്ടിലേക്ക് സിനിമ കടക്കുകയാണെന്നായിരുന്നു പ്രധാന പ്രചാരണം. ഇതേത്തുടര്‍ന്ന് റിലീസ് 2027-ലേക്ക് നീളുമെന്നും, ജൂണ്‍ നാലിന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവെച്ചത് ഇതുകൊണ്ടാണെന്നും ഗോസിപ്പുകള്‍ പരന്നു.

ടോക്സിക് ടീസറിൽ നിന്ന്
'ടോക്സിക്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ച കൊഴുക്കവെ, ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി വരുത്തിക്കൊണ്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും രംഗത്തെത്തി. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തികച്ചും അടിസ്ഥാനരഹിതമാണെന്ന് അവര്‍ വ്യക്തമാക്കി. 'ചിത്രത്തിന് റീഷൂട്ടിന്റെ യാതൊരുവിധ ആവശ്യവുമില്ല. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രം റിലീസിന് പൂര്‍ണസജ്ജമാണ്.'

ടോക്സിക് സെറ്റിൽ സംവിധായിക ​ഗീതു മോഹൻദാസ്
ടോക്സിക് സെറ്റിൽ സംവിധായിക ​ഗീതു മോഹൻദാസ്ഫോട്ടോ-അറേഞ്ച്ഡ്

വിവാദങ്ങൾക്കിടയിലും, പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നിരവധി ഘടകങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ചിത്രത്തിന്റെ ടീസര്‍ നല്‍കുന്ന സൂചനകള്‍ ശരിയാണെങ്കില്‍ റോക്കി ഭായ് ഇക്കുറി ഇരട്ട വേഷത്തിലാകും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ടീസറിന്റെ ഒടുവില്‍ കാണിക്കുന്ന താരത്തിന്റെ പുതിയ ലുക്ക് ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

'ടോക്സിക്' പോസ്റ്റർ
'ടോക്സിക്' പോസ്റ്റർഅറേഞ്ച്ഡ്

ആഗോള സ്വഭാവമുള്ള കഥയായതിനാല്‍ കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയമാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഡബ്ബ് ചെയ്തും ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ഒന്നിനൊന്ന് മികച്ച അഞ്ചു നായികമാരാണ് അണിനിരക്കുന്നത്. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ മുന്‍പ് തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ രചന ഗീതുവും യാഷും ചേർന്നാണ്.

Pappappa
pappappa.com