

ലോകമെങ്ങുമുള്ള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാർ യഷിൻ്റെ ആക്ഷൻ ഡ്രാമ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സി'ന്റെ റിലീസ് തീയതി മാറ്റി. 2026 മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് 2026 ജൂൺ നാലിലേക്കാണ് മാറ്റിയത്. ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനമെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും അറിയിച്ചു.
ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങളും സിനിമാ പ്രദർശനങ്ങളെ അത് ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുന:ക്രമീകരിക്കാൻ പ്രേരിപ്പിച്ചത്. മാർച്ച് 8-ന് ബാംഗ്ലൂരിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ വൻ ട്രെയിലർ ലോഞ്ച് പരിപാടികൾ നിശ്ചയിച്ചിരിക്കെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള അറിയിപ്പ്. മാർച്ച് 19-ലെ റിലീസിനായി ചിത്രത്തിന്റെ അന്തിമ പ്രൊമോഷൻ ഷെഡ്യൂളുകൾ നേരത്തെ തയ്യാറാക്കിയിരുന്നു.
കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്,
'ആഗോള പ്രേക്ഷകർക്കായി ഒരു ചിത്രം എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങൾ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' വിഭാവനം ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഈ സിനിമ, സ്വദേശത്തും വിദേശത്തുമുള്ള പ്രേക്ഷകരുമായി ഒരുപോലെ സംവദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിർമിച്ചിരിക്കുന്നത്. വർഷങ്ങളുടെ അദ്ധ്വാനത്തിന് ശേഷം, മാർച്ച് 19-ന് ചിത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആവേശഭരിതരായിരുന്നു. എന്നിരുന്നാലും, മിഡിൽ ഈസ്റ്റിലെ നിലവിലെ അനിശ്ചിതത്വം ഏറ്റവും കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.അതുകൊണ്ട് തന്നെ, ഞങ്ങളുടെ പങ്കാളികളുടെയും പ്രേക്ഷകരുടെയും താല്പര്യം മുൻനിർത്തി, റിലീസ് മാറ്റിവെക്കാനുള്ള പ്രയാസകരവും എന്നാൽ ചിന്തിച്ചുറപ്പിച്ചതുമായ ഒരു തീരുമാനം ഞങ്ങൾ എടുത്തിരിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' ഇനി 2026 ജൂൺ 4-ന് ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തും.'
യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ടോക്സിക്കിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. യഷ് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിനെത്തും.