

കെജിഎഫിന് ശേഷം പാന്‍ ഇന്ത്യ സൂപ്പര്‍താരം യാഷ് നായകനായി എത്തുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' എന്ന ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനമായ 'തബാഹി' പുറത്തുവിട്ടുകൊണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
യാഷും കിയാര അദ്വാനിയും ഒന്നിക്കുന്ന ഗാനം ചെറിയ ട്വിസ്റ്റോടെയാണ് പുറത്തിറങ്ങിയത്. സാധാരണ വമ്പന്‍ ചിത്രങ്ങളുടെ ലിറിക്കല്‍ വീഡിയോയോ, ടീസറോ പ്രതീക്ഷിച്ച ആരാധകര്‍ക്ക് മുന്നിലേക്ക് പാട്ടിന്റെ ഓഡിയോ ട്രാക്ക് മാത്രമാണ് എത്തിയത്. കടല്‍ത്തീരത്ത് യാഷും കിയാരയും നില്‍ക്കുന്ന തീവ്രവികാരമുണര്‍ത്തുന്നതാണ് പോസ്റ്റര്‍.
വിശാല്‍ മിശ്ര സംഗീതം നല്‍കിയ ഗാനം വിവിധ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്തത്. മലയാളത്തില്‍ റഫീഖ് അഹമ്മദാണ് വരികള്‍ എഴുതിയത്. കന്നഡയില്‍ യോഗരാജ് ഭട്ടും തമിഴില്‍ വിഘ്നേഷ് ശിവനും വരികളെഴുതി.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, നയന്‍താര ഉള്‍പ്പെടെയുള്ള വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഓരോരുത്തരുടെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറില്‍ താടിയില്ലാത്ത പുത്തന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് യാഷ് എല്ലാവരെയും ഞെട്ടിച്ചിരുന്നു.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും. മാര്‍ച്ച് 19ന് 'ടോക്‌സിക്' തിയറ്ററുകളില്‍ റിലീസ് ചെയ്യും. രണ്‍വീര്‍ സിങ് നായകനാകുന്ന ആദിത്യ ധറിന്റെ 'ധുരന്ധര്‍ 2: ദി റിവഞ്ച്' എന്ന ചിത്രവുമായാണ് 'ടോക്‌സിക്' ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.