

ഗീതു മോഹന്‍ദാസ്-യഷ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്. കെജിഎഫിന് ശേഷം കന്നഡ സൂപ്പര്‍ താരം യാഷ് കേന്ദ്ര കഥാപാത്രമാകുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് ബംഗളൂരു റീജിയണല്‍ സിബിഎഫ്‌സി ഓഫീസില്‍ നിന്നാണ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായത്.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഗോവയുടെ പശ്ചാത്തലത്തിലാണ് സിനിമ. അക്രമവും പ്രതികാരവും നിറഞ്ഞ അധോലോകത്തില്‍, തന്റെ വിശ്വസ്തതയും ധാര്‍മികതയും കാത്തുസൂക്ഷിക്കാന്‍ പോരാടുന്ന ഒരു ഗ്യാങ്സ്റ്ററുടെ ജീവന്മരണ പോരാട്ടമാണ് ചിത്രം പ്രമേയമാക്കുന്നത്. പ്രണയത്തിനും സ്വയം കണ്ടെത്തലിനുമായി ഇരുണ്ട ലോകത്ത് നല്‍കേണ്ടി വരുന്ന വലിയ വിലയും ചിത്രം തുറന്നുകാട്ടുന്നു.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ നാരായണ നിര്‍മിക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി എത്തും.
വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. യഷിനൊപ്പം നയന്‍താര, ഹുമാ ഖുറേഷി, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.