
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന 'കാന്താര ചാപ്റ്റര്‍ 1' കേരളത്തിൽ പ്രദര്‍ശിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീങ്ങി. ചിത്രത്തിനു കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തീയേറ്റര്‍ കളക്ഷന്റെ അമ്പതു ശതമാനം വിതരണക്കാര്‍ക്കു നല്‍കാന്‍ തീരുമാനമായതിനെത്തുടര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള വഴിതുറന്നത്. ചിത്രത്തിന്റെ ആദ്യ രണ്ടുദിവസത്തെ കളക്ഷനില്‍ 55 ശതമാനം വിതരണക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തീയേറ്റര്‍ ഉടമകള്‍ ചിത്രത്തിനു വിലക്കേര്‍പ്പെടുത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത്,പ്രധാനവേഷത്തിലഭിനയിക്കുന്ന കാന്താര ചാപ്റ്റര്‍ 1-ൽ മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമുംപ്രധാനവേഷം കൈകാര്യം ചെയ്യുന്നു. 2022ല്‍ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കാന്താര വന്‍ വിജയം നേടിയിരുന്നു. പ്രേക്ഷകപ്രീതി നേടിയതിനെത്തുടര്‍ന്ന് വിവിധ ഭാഷകളിലേക്കു മൊഴിമാറ്റി റിലീസ് ചെയ്യുകയായിരുന്നു. കാന്താരയിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ഋഷഭ് കരസ്ഥമാക്കിയിരുന്നു. കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റര്‍ 1 മൂന്നു വര്‍ഷത്തിനു ശേഷം ഒക്ടോബര്‍ രണ്ടിനാണ് ലോകമെങ്ങും റിലീസ് ചെയ്യുന്നത്.
150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റര്‍ 1 ഒരുങ്ങുന്നത്. കോടികള്‍ മുടക്കിയാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. മൂവായിരത്തിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ യുദ്ധരംഗങ്ങളില്‍ അണിനിരക്കുന്നുണ്ട്. ഇന്ത്യന്‍ വെള്ളിത്തിരയിലെ വിസ്മയമാകും കാന്താര എന്ന് അണിയറക്കാര്‍ പറയുന്നു.