

ലോക സിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ ഓസ്‌കര്‍ പുരസ്‌കാരത്തിനായുള്ള മത്സരക്കളത്തില്‍ ഇന്ത്യയുടെ അഭിമാനം വാനോളം. 98-ാമത് അക്കാഡമി അവാര്‍ഡുകളിൽ മികച്ച ചിത്രത്തിന്റെ വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടുന്ന 201 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ ഇടംപിടിച്ചു. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര: എ ലെജന്‍ഡ് - ചാപ്റ്റര്‍ 1', അനുപം ഖേര്‍ ഒരുക്കിയ 'തന്‍വി ദ ഗ്രേറ്റ്' എന്നിവയാണ് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ പതാകയേന്തുന്നത്. അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ട പട്ടിക പ്രകാരം, കടുത്ത നിബന്ധനകള്‍ പാലിച്ചാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ യോഗ്യത നേടിയത്.
കാന്താര
ഹോംബാലെ ഫിലിംസ് നിര്‍മിച്ച 'കാന്താര: ചാപ്റ്റര്‍ 1' ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ്. നാലാം നൂറ്റാണ്ടിലെ കടമ്പ രാജവംശത്തിന്റെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. ഗോത്രവര്‍ഗക്കാരുടെയും വനത്തിന്റെയും കാവല്‍ക്കാരനായ 'ബെര്‍മ' എന്ന കഥാപാത്രമായി ഋഷഭ് ഷെട്ടി വിസ്മയപ്രകടനമാണ് കാഴ്ചവച്ചത്. ഭാരതീയ ഗോത്രസംസ്‌കാരത്തെ ആഗോളതലത്തില്‍ എത്തിക്കുന്നതില്‍ ഋഷഭ് ചിത്രം വലിയ പങ്കുവഹിച്ചു.
തന്‍വി ദ ഗ്രേറ്റ്
മുതിര്‍ന്ന നടന്‍ അനുപം ഖേര്‍ സംവിധാനം ചെയ്ത 'തന്‍വി ദ ഗ്രേറ്റ്' വൈകാരികമായ ഒരു കഥയാണ് പറയുന്നത്. ഓട്ടിസം ബാധിച്ച തന്‍വി റെയ്‌ന എന്ന പെണ്‍കുട്ടി തന്റെ അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശുഭാംഗി മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ്, ബോമന്‍ ഇറാനി,അരവിന്ദ് സ്വാമി തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ഡോക്യുമെന്ററി, അനിമേഷന്‍, ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം എന്നീ വിഭാഗങ്ങളിലായി 317 ചിത്രങ്ങളുടെ പട്ടിക അക്കാഡമി പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പുറത്തുവന്ന മികച്ച ചിത്രത്തിനുള്ള പട്ടിക കൂടി ചേരുന്നതോടെ ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്റെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.ജനുവരി 22-ന് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ത്യന്‍ സിനിമയുടെ കരുത്തും വൈവിധ്യവും ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുമെന്ന പ്രത്യാശയിലാണ് ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും.