
2026ലെ ഓസ്‌കര്‍ അവാര്‍ഡിലേക്ക് ഹിന്ദി ചിത്രം 'ഹോംബൗണ്ട്' ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ഇഷാന്‍ ഖട്ടര്‍, ജാന്‍വി കപുര്‍, വിശാല്‍ ജേത്വ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കൊല്‍ക്കത്തയില്‍ നടന്ന പത്രസമ്മേളനത്തിലാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍. ചന്ദ്ര ഇക്കാര്യം അറിയിച്ചത്. ഓസ്‌കര്‍ പുരസ്‌കാര നാമനിര്‍ദേശത്തിനായി ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്ന് 24 ചിത്രങ്ങള്‍ പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു. സംവിധായകര്‍, നിര്‍മാതാക്കള്‍, എഴുത്തുകാര്‍, ചിത്രസംയോജകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ പന്ത്രണ്ടംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തിരഞ്ഞെടുത്തത്.
'ഹോംബൗണ്ട്'
നീരജ് ഗയ്വാന്‍ ആണ് 'ഹോംബൗണ്ടി'ന്റെ സംവിധാനം. കരണ്‍ ജോഹറും അദാര്‍ പൂനവാല,അപൂർവ മേഹ്ത,സോമെൻ മിശ്ര എന്നിവർ ചേര്‍ന്നാണ് നിര്‍മാണം. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേത്വ, ജാന്‍വി കപുര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവരാണ് ഇരുവരും. വളരെക്കാലമായി നിഷേധിക്കപ്പെട്ട മാന്യത നേടിയെടുക്കാനാണ് ജോലി നേടുന്നതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്.
വ്യക്തിഗതനേട്ടങ്ങള്‍ ലക്ഷ്യമാക്കിയല്ല താന്‍ ഈ സിനിമ ചെയ്തതെന്ന് ജാന്‍വി കപുര്‍ നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഭിനേതാക്കളില്‍ ആര്‍ക്കും അത്തരത്തിലൊരു ചിന്ത ഉണ്ടായിരുന്നില്ല. തങ്ങളെല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. അതിനു വലിയ ഫലമുണ്ടായെന്നും താരം പറഞ്ഞു.
കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. വിവിധ ഭാഷകളില്‍നിന്നുള്ള 29 ചിത്രങ്ങളില്‍നിന്നാണ് 'ലാപതാ ലേഡീസ്' തിരഞ്ഞെടുക്കപ്പെട്ടത്.