

കിച്ച സുദീപിനെ നായകനാക്കി അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘ബില്ല രംഗ ബാഷ: ഫസ്റ്റ് ബ്ലഡ്’ എന്ന ചിത്രം എത്തുന്നത് വമ്പൻ പ്രചാരണപരിപാടികളോടെ. ചിത്രത്തിനായി വിപുലമായ പ്രൊമോഷൻ കലണ്ടറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും 2027ന്റെ മൂന്നാം പാദത്തിൽ പുറത്തിറക്കാനാണ് പദ്ധതിയെന്നാണ് ഏറ്റവും പുതിയ പോസ്റ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട കൂടുതൽ വിശദമായ ടൈംലൈനും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.
2026 സെപ്റ്റംബർ 2ന് സുദീപിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക പോസ്റ്റർ പുറത്തിറക്കുന്നതോടെയാകും പ്രമോഷൻ ക്യാംപെയ്‌ൻ ആരംഭിക്കുക. തുടർന്ന് 2027ന്റെ ആദ്യ പാദത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തിറക്കും. മൂന്നാം പാദത്തിൽ ട്രെയിലറും ഗാനങ്ങളും പുറത്തിറക്കുന്നതോടെ പ്രമോഷൻ കൂടുതൽ വിപുലമാക്കും. 2027ന്റെ അവസാന പാദത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് നേരത്തെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ വിശാലമായ ലോകത്തെ പരിചയപ്പെടുത്തിയ ഫസ്റ്റ് ഗ്ലിംപ്‌സിലൂടെ തന്നെ ‘ബില്ല രംഗ ബാഷ’ ശ്രദ്ധ നേടിയിരുന്നു. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ലാർജർ ദാൻ ലൈഫ് കഥാപാത്രത്തെയാണ് സുദീപ് അവതരിപ്പിക്കുന്നത്.
പ്രൈംഷോ എന്റർടെയ്ൻമെന്റ് ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.