

ഹോളിവുഡ് മാധ്യമമായ 'സ്‌ക്രീന്‍ റാന്റ് പ്ലസി'ന്റെ അഭിമുഖത്തിലാണ് 'വാരണാസി' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ടോളിവുഡ് പ്രിന്‍സ് മഹേഷ് ബാബുവും മലയാളത്തിന്റെ സൂപ്പര്‍താരം പൃഥ്വിരാജും ഒത്തുചേര്‍ന്നത്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന പ്രിയങ്കയുടെ കേരള ബന്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി നടത്തിയ കഠിന പരിശ്രമങ്ങളെക്കുറിച്ച് മഹേഷ് ബാബു സംസാരിച്ചതോടെയാണ് ചര്‍ച്ചകള്‍ കേരളത്തിലേക്കു വഴിമാറിയത്. ആറുമാസത്തോളം താന്‍ കളരിപ്പയറ്റ് അഭ്യസിച്ചുവെന്നും ആയോധനകലകളോടുള്ള തന്റെ അഭിനിവേശമാണ് ഇതിന് പിന്നിലെന്നും മഹേഷ് വെളിപ്പെടുത്തി. കളരിപ്പയറ്റിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ പൃഥ്വിക്കായിരിക്കും കഴിയുക എന്ന് മഹേഷ് ബാബു പറഞ്ഞതും പൃഥ്വിയെയും മഹേഷിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് പ്രിയങ്ക തന്റെ 'കോട്ടയം കണക്ഷന്‍' വെളിപ്പെടുത്തുകയായിരുന്നു.
'എനിക്കും കളരി അറിയാം കേട്ടോ, അത് എന്റെ കൂടി നാടിന്റെ കലയാണ്. കാരണം എന്റെ അമ്മൂമ്മ കോട്ടയംകാരിയാണ്..!' - ചിരിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞപ്പോള്‍ വേദിയില്‍ നിറഞ്ഞത് ആവേശകരമായ കൈയടിയായിരുന്നു. ഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരങ്ങള്‍ നല്‍കിയ മറുപടിയും കൗതുകകരമായിരുന്നു. ഹൈദരാബാദി ചിക്കന്‍ ബിരിയാണിയാണ് തന്റെ ജീവശ്വാസമെന്ന് മഹേഷ് ബാബു പറഞ്ഞപ്പോള്‍, സ്ട്രീറ്റ് ഫുഡിലെ 'ചാട്ടുകളോടുള്ള' തന്റെ അടങ്ങാത്ത ഇഷ്ടത്തെക്കുറിച്ചാണ് പ്രിയങ്ക വാചാലയായത്. എന്നാല്‍ പൃഥ്വിരാജിന്റെ മറുപടി തികച്ചും 'നാടന്‍' ആയിരുന്നു. ഇന്ത്യന്‍ ഭക്ഷണം ഇന്ത്യന്‍ സിനിമ പോലെ വൈവിധ്യമുള്ളതാണെന്നും, കടലോര നഗരത്തില്‍ ജനിച്ചു വളര്‍ന്ന തനിക്ക് 'ചോറും മീന്‍കറിയും' കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും പൃഥ്വിയും വ്യക്തമാക്കി.
തന്റെ ഓട്ടവും ശാരീരിക ചലനങ്ങളും സ്വാഭാവികമാക്കാന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ടീമിനൊപ്പവും കളരി പരിശീലകര്‍ക്കൊപ്പവും ആറുമാസം കഠിനാധ്വാനം ചെയ്ത വിശേഷങ്ങള്‍ മഹേഷ് ബാബു പങ്കുവച്ചു. ശരീരം നന്നായി വഴങ്ങാന്‍ കളരി സഹായിക്കും. സിനിമയില്‍ വെറും രണ്ട് ഷോട്ടുകള്‍ക്ക് വേണ്ടിയാണെങ്കില്‍ പോലും ആത്മാര്‍ഥമായി പഠിക്കാന്‍ താന്‍ തയാറായിരുന്നവെന്നും മഹേഷ് പറഞ്ഞു. കേരളത്തിന്റെരുചിയും ആയോധനകലയും പ്രിയങ്കയുടെ കോട്ടയം വിശേഷങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ''വാരണാസി''യുടെ പ്രമോഷന്‍ വേദി കേരളോത്സവമായി മാറി.