

ആരാധകരും ചലച്ചിത്രലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. ആര്‍ആര്‍ആര്‍ എന്ന ആഗോള വിസ്മയത്തിന് ശേഷം എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പ്രോജക്ട് 'വാരണാസി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2027 ഏപ്രിലില്‍ ഏഴിന് ഇന്ത്യന്‍ സിനിമാചരിത്രത്തിലെ പുതിയ അധ്യായം കുറിക്കപ്പെടും.
നേരത്തെ 2027 ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് കരുതിയിരുന്ന ചിത്രം, കൂടുതല്‍ മിഴിവോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി 2027 ഏപ്രില്‍ 7 ലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് വമ്പന്‍ ചിത്രങ്ങളുമായുള്ള ബോക്‌സ് ഓഫീസ് ഏറ്റുമുട്ടല്‍ ഒഴിവാക്കാനും വേനല്‍ക്കാല അവധി ലക്ഷ്യമിട്ടുമാണ് ഈ മാറ്റം. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഒരേസമയം ബ്രഹ്‌മാണ്ഡ റിലീസായിട്ടായിരിക്കും ചിത്രം എത്തുക.
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു ആദ്യമായി രാജമൗലിയുമായി കൈകോര്‍ക്കുന്ന ചിത്രമെന്ന പ്രത്യേകത ഇതിനുണ്ട്. 'രുദ്ര' എന്ന കരുത്തുറ്റ നായക കഥാപാത്രമായാണ് മഹേഷ് ബാബു എത്തുന്നത്. പ്രിയങ്ക ചോപ്ര ജോനസ് 'മന്ദാകിനി' എന്ന കഥാപാത്രമായി നായികയാകുമ്പോള്‍, മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ കുംഭ എന്ന വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നത് മലയാളികള്‍ക്കും ആവേശം നല്‍കുന്നു.
കേവലം ഒരു ആക്ഷന്‍ ചിത്രമല്ല 'വാരണാസി'. അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ മുതല്‍ ആഫ്രിക്കയിലെ വന്യത വരെയും, ഒടുവില്‍ പുരാതന നഗരമായ വാരണാസിയിലേക്കും നീളുന്ന ഒരു ഗ്ലോബല്‍ അഡ്വഞ്ചര്‍ സാഗയാണിതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പുരാണവും ചരിത്രവും ഹൈ-ഒക്ടേന്‍ ആക്ഷനും ചേര്‍ത്തുവെച്ചുള്ള ഒരു ഹീറോ ജേണിയായിരിക്കും വാരാണസി.
ഓസ്‌കര്‍ ജേതാവ് എം.എം. കീരവാണി വീണ്ടും രാജമൗലിക്കൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന തരത്തിലുള്ള വിഷ്വല്‍ എക്‌സ്പീരിയന്‍സാണ് നവംബറില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫൂട്ടേജില്‍ കാണാനാകുന്നത്. ഇന്ത്യന്‍ സിനിമയുടെ ആഗോള വിപണി ഒരിക്കല്‍ കൂടി കീഴടക്കാന്‍ രാജമൗലിയും സംഘവും വരികയാണ്.